പൊള്ളിച്ച് ചൂട്, സംസ്ഥാനത്ത് യുവി സൂചിക 9 ലേക്ക്; നേത്രരോഗങ്ങൾക്ക് സാധ്യത ഏറെ, മുന്നറിയിപ്പ്

പത്തനംതിട്ട∙ അത്യുഷ്ണ സാഹചര്യത്തിലേക്കു നീങ്ങുന്ന കേരളത്തിന്റെ ഉറക്കം കെടുത്തി അൾട്രാവയലറ്റ് (യുവി) രശ്മികളിൽ നിന്നുള്ള ഉയർന്ന വികിരണ തോതും. സംസ്ഥാനത്തെ 14 ജില്ലകളിലും താപനിലയ്ക്കു പുറമെ സൂര്യനിൽ നിന്നുള്ള യുവി കിരണങ്ങളുടെ തീവ്രത സൂചിപ്പിക്കുന്ന സൂചികകളും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചു തുടങ്ങി. കൊല്ലം, പത്തനംതിട്ട, കോട്ടയം ആലപ്പുഴ, ഇടുക്കി ജില്ലകളിൽ കഴിഞ്ഞ ദിവസത്തെ യുവി വികിരണ തോത് 9 ഇൻഡക്സ് വരെ രേഖപ്പെടുത്തിയിരുന്നു. ഇതോടെയാണ് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പു പുറപ്പെടുവിച്ചത്. കൊല്ലം ജില്ലയിലെ യുവി മാപിനി കൊട്ടാരക്കരയിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ 9 വരെ കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. പത്തനംതിട്ട ജില്ലയിലെ കോന്നിയിലും കോട്ടയം ജില്ലയിലെ ചങ്ങനാശേരിയിലും ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരും ഇടുക്കി ജില്ലയിലെ മൂന്നാറിലും യുവി തോത് 8 വരെ രേഖപ്പെടുത്തി. മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ ഇത് 7 വരെയും പാലക്കാട് ജില്ലയിലെ തൃത്താലയിൽ ഇത് 6 വരെയും എത്തി. കോഴിക്കോട് മുതൽ വടക്കോട്ട് 5 മുതൽ 3 വരെയാണ് വികിരണ തോത്. യുവി ഇൻഡക്സ് 6 കടന്നാൽ യെലോ അലർട്ടും 8 മുതൽ 10 വരെ ഓറഞ്ച് അലർട്ടും 11 നു മുകളിൽ റെഡ് അലർട്ടുമാണ്.
Source link