പ്രതിരോധ കുത്തിവയ്‌പ്പുകളെ കുറിച്ച് മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

സാമൂഹിക മാധ്യമങ്ങളിലും മറ്റും വന്‍ തോതിലുള്ള പ്രചാരണങ്ങള്‍ പ്രതിരോധ കുത്തിവയ്‌പ്പുകള്‍ക്കെതിരെ നടക്കാറുണ്ട്. എന്നാല്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് സംരക്ഷിക്കാനുളള ഏറ്റവും എളുപ്പമുള്ളതും കാര്യക്ഷമമായതുമായ വഴിയാണ് പ്രതിരോധ കുത്തിവയ്‌പ്പ്. പാകമാകാത്ത പ്രതിരോധ സംവിധാനങ്ങളുമായാണ് കുട്ടികള്‍ ജനിക്കുന്നത്. കുറേ വര്‍ഷങ്ങളെടുക്കും ഇവരുടെ പ്രതിരോധ സംവിധാനം കരുത്താര്‍ജ്ജിക്കാന്‍. ഇക്കാലയളവില്‍ പലവിധത്തിലുള്ള അണുക്കള്‍ ഇവരുടെ ശരീരത്തില്‍ പ്രവേശിച്ച് ഗുരുതര രോഗങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. ഈ ഭീഷണികളില്‍ നിന്നെല്ലാം കുഞ്ഞുങ്ങളെ സംരക്ഷിച്ച് നിര്‍ത്താന്‍ പ്രതിരോധ കുത്തിവയ്‌പ്പുകള്‍ സഹായിക്കും.നിര്‍ജീവമായതോ ദുര്‍ബലപ്പെടുത്തിയതോ ആയ രോഗാണുക്കളെ ശരീരത്തിനുള്ളില്‍ എത്തിച്ച് അവയെ കണ്ടെത്താന്‍ പ്രതിരോധ സംവിധാനത്തെ പഠിപ്പിക്കുക എന്നതാണ് വാക്‌സീനുകളുടെ ജോലി. ഈ അണുവുമായി ശരീരം പഴകി കഴിഞ്ഞാല്‍ പിന്നീട് എപ്പോഴെങ്കിലും ശരിക്കുള്ള രോഗാണു ശരീരത്തിലെത്തി കഴിഞ്ഞാല്‍ അതിനെ നേരിടാനുള്ള പരിശീലനം വാക്‌സീന്‍ ശരീരത്തിന് നല്‍കും. കുഞ്ഞുങ്ങളെ ശരിക്കും രോഗബാധിതരാക്കാതെ തന്നെ ഈ ശേഷി അവര്‍ക്ക് നേടികൊടുക്കുന്നതാണ് പ്രതിരോധ കുത്തിവയ്‌പ്പുകളെന്ന് ഗുഡ്‌ഗാവോണ്‍ മദര്‍ഹുഡ് ഹോസ്‌പിറ്റല്‍സിലെ കണ്‍സള്‍ട്ടന്റ് നിയോനാറ്റോളജിസ്‌റ്റ് ഡോ. ഷെല്ലി ഗുപ്‌ത ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ദീര്‍ഘകാല സംരക്ഷണം കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന ആന്റിബോഡികള്‍ ശരീരത്തില്‍ ഉത്‌പാദിപ്പിക്കപ്പെടാന്‍ പ്രതിരോധ കുത്തിവയ്‌പ്പുകള്‍ കാരണമാകുമെന്നും ഡോ. ഷെല്ലി ചൂണ്ടിക്കാട്ടി.
Source link