‘പ്രതീക്ഷ വേണ്ട, ടീമിലുണ്ടാവില്ലെ’ന്ന് മത്സരദിവസം വീട്ടിലേക്ക് വിളിച്ചപ്പോഴും പറഞ്ഞു; എത്ര മനോഹരമായ ‘നടന്ന’ സ്വപ്നം!

മലപ്പുറം ∙ ഇടത്തേക്ക് ഇൻഡിക്കേറ്ററിട്ട് വലത്തേക്കു വെട്ടിത്തിരിയും പോലെയാണ് വിഘ്നേഷ് പുത്തൂരിന്റെ പന്തുകൾ. ഏതു ബാറ്ററും അമ്പരന്നു പോകും. എന്നാൽ അതിനെക്കാൾ അപ്രതീക്ഷിത ടേൺ നിറഞ്ഞതാണ് ഈ ഇരുപത്തിനാലുകാരന്റെ ക്രിക്കറ്റ് കരിയറും. അൺസോൾഡ് ആകുമെന്ന് സ്വയം ഉറപ്പിച്ചതിനാൽ ഐപിഎൽ ലേലം പോലും കാണാതെ കിടന്നുറങ്ങിയ ആളാണ് വിഘ്നേഷ്. പക്ഷേ, അപ്രതീക്ഷിതമായി മുംബൈ ഇന്ത്യൻസ് താരത്തെ സ്വന്തമാക്കി. ഒരു രഞ്ജി ട്രോഫി മത്സരം പോലും കളിക്കാതെ ഇന്ത്യൻ ട്വന്റി20 ക്രിക്കറ്റിന്റെ ഹൃദയത്തിലേക്ക് ഡയറക്ട് എൻട്രി.‘പ്രതീക്ഷ വേണ്ട, ടീമിലുണ്ടാവില്ല’ എന്നു മത്സര ദിവസം വീട്ടിലേക്കു വിളിച്ചു പറഞ്ഞ അതേ വിഘ്നേഷ് തന്നെ ഞായറാഴ്ച രാത്രി ചെന്നൈ സൂപ്പർ കിങ്സിനെതിരെ ആദ്യ ഐപിഎൽ മത്സരത്തിനിറങ്ങി. അതും രോഹിത് ശർമയ്ക്കു പകരം ടീമിന്റെ ഇംപാക്ട് പ്ലെയറായി. പിന്നീടു നടന്നതെല്ലാം സ്ക്രീനിൽ കണ്ടതാണ്. പെരിന്തൽമണ്ണയിലെ ഓട്ടോത്തൊഴിലാളിയായ പി.സുനിൽകുമാറിന്റെയും കെ.പി.ബിന്ദുവിന്റെയും മകൻ ചെന്നൈയുടെ മൂന്നു വമ്പനടിക്കാരെ പവലിയനിലേക്കു മടക്കിയ കാഴ്ച.
Source link