ഫീസ് വർധിപ്പിക്കണമെന്ന് നഴ്സിങ് കോളജ് മാനേജ്മെന്റുകൾ; പ്രത്യേക യോഗം വിളിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം ∙ സംസ്ഥാനത്തെ സ്വകാര്യ നഴ്സിങ് കോളജുകളിലെ ട്യൂഷൻ, സ്പെഷൽ ഫീസുകൾ വർധിപ്പിക്കണമെന്ന ആവശ്യവുമായി മാനേജ്മെന്റുകൾ. സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകളും ഫീസ് വർധനയെ പിന്തുണയ്ക്കുന്നുണ്ട്. ഇക്കാര്യം ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിക്കാമെന്നു മന്ത്രി വീണാ ജോർജ് മാനേജ്മെന്റുകൾക്ക് ഉറപ്പുനൽകി. സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളിൽ ഉൾപ്പെടെ സ്വകാര്യമേഖലയിൽ മെറിറ്റ്, മാനേജ്മെന്റ് സീറ്റുകളിൽ ഒരേ തുകയാണു ഫീസ്. ട്യൂഷൻ ഫീസായി 73,500 രൂപയും സ്പെഷൽ ഫീസായി 19,500 രൂപയും നൽകണം. ഇതിൽ വർധന വേണമെന്നാണു മന്ത്രിയെ കണ്ട മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് വി.സജി ആവശ്യപ്പെട്ടത്. 3 വർഷം മുൻപ് നിശ്ചയിച്ച ഫീസിൽ വർധന വേണമെന്നു സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളായ സിമെറ്റിനും സിപാസിനും സഹകരണമേഖലയിലെ കേപ്പിനും അഭിപ്രായമുണ്ട്.ആരോഗ്യ സർവകലാശാലയുടെയും സംസ്ഥാന നഴ്സിങ് കൗൺസിലിന്റെയും വാർഷിക പരിശോധനയെത്തുടർന്നുള്ള താൽക്കാലിക അഫിലിയേഷൻ രീതി ഒഴിവാക്കണമെന്നും മാനേജ്മെന്റുകൾ ആവശ്യപ്പെട്ടു. 10 വർഷമായ കോളജുകൾക്കു സ്ഥിരം അഫിലിയേഷൻ നൽകണം. അഫിലിയേഷൻ ഫീസിന്റെ 18% ജിഎസ്‌ടിയായി വേണമെന്നു സർവകലാശാല അറിയിച്ചിട്ടുണ്ട്. അത് ഒഴിവാക്കണമെന്നും മാനേജ്മെന്റുകൾ ആവശ്യപ്പെട്ടു.
Source link