ബിസിഎ വിദ്യാർഥി, ക്ലാസിലെത്തുന്നത് വല്ലപ്പോഴും; ലഹരിപ്പണം ആഡംബരത്തിന്: ടാൻസാനിയക്കാരന് കൂട്ട് മലയാളികൾ

ബത്തേരി∙ ബെംഗളൂരുവിൽ പഠിക്കാനെത്തിയ ടാൻസാനിയൻ പൗരൻ കേരളത്തിലേക്കുള്ള ലഹരിക്കടത്തിന്റെ കേന്ദ്രമായി മാറിയത് ചുരുങ്ങിയ കാലം കൊണ്ട്. കേരളത്തിലേക്കു ലക്ഷങ്ങളുടെ ലഹരിമരുന്നു കടത്തിയ ടാൻസാനിയ പൗരൻ പ്രിൻസ് സാംസണെ പിടികൂടിയതോടെ ലഹരിക്കടത്തിന്റെ ചങ്ങല പൊട്ടിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണു പൊലീസ്. കഴിഞ്ഞ മാസം 24ന് മലപ്പുറം തിരൂരങ്ങാടി ചെറുമുക്ക് എടക്കണ്ടത്തിൽ ഷെഫീക് (30) എംഡിഎംഎയുമായി പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണു പ്രിൻസിലേക്ക് അന്വേഷണം സംഘം എത്തിയത്.ബെംഗളൂരുവിൽ കർണാടക ഗവ.കോളജിൽ ബിസിഎ വിദ്യാർഥിയാണ് പ്രിൻസ്. വല്ലപ്പോഴും മാത്രം ക്ലാസിൽ പോയിരുന്ന പ്രിൻസിന് പ്രധാന ജോലി ലഹരിമരുന്ന് കച്ചവടമായിരുന്നു. ലഹരി വിൽപ്പനയിലൂടെ ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനാണ് ഉപയോഗിച്ചിരുന്നത്. ബെംഗളൂരുവിലെ പല കേന്ദ്രങ്ങളിൽനിന്ന് രാസലഹരി എത്തിക്കുകയും തുടർന്നു കേരളത്തിലേക്ക് കടത്തുകയുമാണു ചെയ്തിരുന്നത്. മലയാളികളുൾപ്പെടെ ഒട്ടേറെപ്പേർ പ്രിൻസുമായി ഇടപാട് നടത്തുന്നുണ്ടെന്നാണു വിവരം. അന്വേഷണത്തിൽ കൂടുതൽ പേർ പിടിയിലാകുമെന്നാണു പൊലീസ് പ്രതീക്ഷിക്കുന്നത്.
Source link