ഭാര്യ പലസ്‌തീൻ വംശജ, ഹമാസ് ബന്ധം ആരോപിച്ച് അറസ്റ്റ്; ഇന്ത്യൻ വിദ്യാർഥിയെ നാടുകടത്തുന്നത് തടഞ്ഞ് യുഎസ് ജഡ്ജി

വാഷിങ്ടൻ ∙ യുഎസിന്റെ ഇസ്രയേൽ അനുകൂല വിദേശനയത്തെ എതിർക്കുന്നുവെന്നാരോപിച്ച് അറസ്റ്റിലായ ഇന്ത്യൻ വിദ്യാർഥിയുടെ നാടുകടത്തൽ തടഞ്ഞ് യുഎസ് ജഡ്ജി. ഡൽഹിയിലെ ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയിലെ മുൻ ഗവേഷണ വിദ്യാർഥിയും ഇപ്പോൾ ജോർജ്ടൗൺ യൂണിവേഴ്സിറ്റിയിൽ ഗവേഷകനുമായ ബദർ ഖാൻ സൂരിയെ വെർജീനിയയിലെ വീടിനു സമീപത്തുനിന്നു തിങ്കളാഴ്ച രാത്രിയാണ് അറസ്റ്റ് ചെയ്തത്.ഇദ്ദേഹത്തെ നാടുകടത്താനുള്ള നടപടികൾ ആരംഭിച്ചതിനു പിന്നാലെയാണു കോടതിയുടെ ഇടപെടൽ. കോടതി ഉത്തരവിടുന്നതുവരെ ബദർ ഖാനെ യുഎസിൽനിന്നു നാടുകടത്തരുതെന്നു വെർജീനിയ കോടതി ജഡ്ജി പട്രിഷ ടൊളിവർ ഗിൽസ് വ്യക്തമാക്കി. ബദർ ഖാനെ കൂടാതെ, അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനും (എസിഎൽയു) നാടുകടത്തലിനെതിരെ ഹർജി നൽകിയിരുന്നു. ഭരണഘടനാവിരുദ്ധ നടപടിയാണു സ്വീകരിച്ചതെന്നാണു ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.
Source link