ഭർത്താവിന് കാലിടറിയ മണ്ണിൽ ചുവടുറപ്പിക്കുമോ ഭാര്യ; പട്‌നായിക്കിന്റെ പിന്‍ഗാമിയാകുമോ സുജാത?

കാല്‍നൂറ്റാണ്ടോളം ഒഡിഷ ഭരിച്ചിരുന്ന നവീന്‍ പട്‌നായിക്കിനെ വീഴ്ത്താന്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും പ്രയോഗിച്ച ഏറ്റവും മൂര്‍ച്ചയുള്ള ആയുധമായിരുന്നു വി.കെ പാണ്ഡ്യന്‍ എന്ന ഐ.എ.എസ് ഓഫീസറുടെ പേര്. നവീന്‍ പട്‌നായിക്കിന്റെ പിന്‍ഗാമിയായി സംസ്ഥാന ഭരണം നയിക്കാന്‍ സിവില്‍ സര്‍വീസില്‍ നിന്ന് വിആര്‍എസ് എടുത്ത് ബിജെഡിയില്‍ ചേര്‍ന്ന വി.കെ പാണ്ഡ്യന്‍ എന്ന വിശ്വസ്തന്‍ എത്തുമെന്ന വലിയ പ്രചാരണവും നടന്നു. ഇതിനെ അതേ ആയുധം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണവേദികളിലെല്ലാം ബി.ജെ.പി അന്ന് ആഞ്ഞടിച്ചു. വി.കെ പാണ്ഡ്യനെ സൂപ്പര്‍ മുഖ്യമന്ത്രിയെന്ന് വിളിച്ചു. എന്തിന് നവീന്‍ പട്‌നായിക്കിന്റെ ആരോഗ്യം ക്ഷയിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അതിന് പിന്നില്‍ ചില ശക്തികളുണ്ടെന്നും ബിജെപി അധികാരത്തിലെത്തിയാല്‍ അതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് പോലും വി.കെ പാണ്ഡ്യന്റെ പേര് പറയാതെ അവര്‍ പ്രചാരണം കൊഴുപ്പിച്ചു. ഒടുവില്‍ 24 വര്‍ഷത്തെ ഭരണം കൈവിട്ടുപോവുമ്പോള്‍ ബിജെഡി 51 സീറ്റിലൊതുങ്ങി. 78 സീറ്റ് നേടി ബി.ജെ.പി ആദ്യമായി സംസ്ഥാനത്ത് അധികാരത്തിലെത്തുകയും ചെയ്തു. തന്റെ പ്രചാരണം പാര്‍ട്ടിക്ക് നഷ്ടമുണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് പറഞ്ഞ് പാണ്ഡ്യന്‍ അന്ന് രാഷ്ട്രീയം വിട്ടപ്പോള്‍ വലിയ എതിര്‍പ്പായിരുന്നു അദ്ദേഹത്തിന്റെ ഭാര്യയും ഐ.എ.എസ് ഉദ്യോഗസ്ഥയുമായിരുന്ന സുജാത കാര്‍ത്തികേയനും നേരിട്ടത്. തന്റെ ഔദ്യോഗിക കാലത്തിനിടെ ഒരുപാട് ബഹുമതികള്‍ക്ക് അര്‍ഹയായ സുജാതയെ ബിജെഡി ഏജന്റെന്ന് വിളിച്ച് ബിജെപി അധിക്ഷേപിച്ചു. അധികാര ദുര്‍വിനിയോഗം നടത്തിയെന്ന ആരോപണമുന്നയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ഒടുവില്‍ അപ്രധാന തസ്തികയിലേക്ക് മാറ്റി നിയമിക്കപ്പെടുകയും ചെയ്തു.
Source link