കടിയുടെ പാടിലും ഇവർ തെളിവു കണ്ടെത്തും; കുറ്റവാളികളെ കുടുക്കും ഫൊറൻസിക് ഡെന്റിസ്ട്രി

സാഹചര്യത്തെളിവുകൾ ശേഷിപ്പിക്കാതെയൊരു കൊലപാതകം. പ്രതിയിലേക്കു വിരൽചൂണ്ടാവുന്ന ഒന്നും ക്രൈം സീനിലില്ല. പക്ഷേ, മൂന്നാംദിവസം കേസ് തെളിഞ്ഞു. എങ്ങനെയെന്ന ചോദ്യത്തിന്റെ ഉത്തരം കൊല്ലപ്പെട്ടയാളുടെ കൈത്തണ്ടയിലൊരു കടിയുടെ പാടായി (ബൈറ്റ്മാർക്ക്) ശേഷിച്ചിരുന്നു. അതു പരിശോധിച്ചപ്പോൾ പല്ലിൽ നടത്തിയ ചികിത്സയിലേക്കും പ്രതിയുടെ പ്രായത്തിലേക്കും വെളിച്ചംവീശി. ഈ സൂചനകളിൽനിന്നു പ്രതിയെ കണ്ടെത്താനായി. ഇതെങ്ങനെ സാധ്യമാകുമെന്നു സംശയമുണ്ടെങ്കിൽ ഫൊറൻസിക് ഡെന്റിസ്ട്രിയെക്കുറിച്ചറിയണം. അധികം പരിചിതമല്ലാത്ത ഈ മേഖലയെപ്പറ്റി ഗുജറാത്തിലെ ഫൊറൻസിക് സയൻസ് യൂണിവേഴ്സിറ്റിയിൽനിന്ന് എംഎസ്‌സി ഫൊറൻസിക് ഡെന്റിസ്ട്രിയിൽ ഒന്നാം റാങ്കും ഗോൾഡ് മെഡലും നേടിയ ഡോ. ഏയ്ഞ്ചല മാത്യു പറയുന്നതു കേൾക്കൂ.ബിഡിഎസ് വഴി കോട്ടയം വാഴൂർ ഈസ്റ്റ് പായിക്കാട്ട് ഇടകുളഞ്ഞിയിൽ ജോർജുകുട്ടിയുടെയും ഷൈനി തോമസിന്റെയും മകളായ ഏയ്ഞ്ചല ബിഡിഎസ് കഴിഞ്ഞാണു ഫൊറൻസിക് ഡെന്റിസ്ട്രിയിൽ എത്തിയത്. മംഗളൂരുവിലെ ശ്രീനിവാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസിൽ നിന്നാണു ബിഡിഎസ് ചെയ്തത്. ക്ലിനിക്കൽ വർക്കിനോടു താൽപര്യം ഉണ്ടായിരുന്നില്ല. ഫൊറൻസിക്, ക്രൈം വിഷയങ്ങളിലായിരുന്നു ഇഷ്ടം. പിജിക്ക് ഇത്തരത്തിലൊരു മേഖലയിലേക്കു തിരിഞ്ഞാലോ എന്നു തോന്നി. പലയിടത്തും ഫൊറൻസിക് ഡെന്റിസ്ട്രിയിൽ ഡിപ്ലോമ കോഴ്സുകൾ ഉണ്ടെങ്കിലും പിജി പഠനാവസരം നന്നേകുറവാണ്. ഗുജറാത്തിലെ ഫൊറൻസിക് സയൻസ് യൂണിവേഴ്സിറ്റിയിലെ ഫൊറൻസിക് ഡെന്റിസ്ട്രി പിജി പ്രോഗ്രാമിന്റെ പരസ്യം പത്രത്തിൽക്കണ്ടതു വഴിത്തിരിവായി. ബിഡിഎസാണു യോഗ്യത. 2022 ഡിസംബറിൽ ഗാന്ധിനഗർ ക്യാംപസിൽ പ്രവേശനം നേടി.
Source link