മഹാദുരന്തത്തിനും തോൽപ്പിക്കാനാവില്ല, പരീക്ഷ എഴുതിയ 55 പേർക്കും ജയം; സന്തോഷത്തിലും കണ്ണീരായി ആ ഏഴുപേർ

മേപ്പാടി: വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുടെ നിശ്ചയദാർഢ്യത്തിനുമുന്നിൽ മഹാദുരന്തവും തോറ്റു. എസ്എസ്എൽസി പരീക്ഷയിൽ തുടർച്ചയായി 100 ശതമാനം വിജയത്തിന്റെ മധുരം ഇക്കുറിയും കുട്ടികൾ നുണഞ്ഞു. ഉരുൾ ദുരന്തമേൽപ്പിച്ച വേദനയുടെ മരവിപ്പിൽനിന്ന് പ്രത്യാശയുടെ ഒരു ദൂരംകൂടി കുഞ്ഞുങ്ങൾ നടന്നുതീർത്തു. ഉള്ളുലച്ച ദുരന്തത്തിന്റെ ഓർമ്മകളും ഒരു മാസം ക്ലാസുകൾ നഷ്ടപ്പെട്ടതും അതിജീവിച്ചാണ് കുട്ടികൾ വിജയമധുരം രുചിച്ചത്. പരീക്ഷയെഴുതിയ 55 കുട്ടികളും വിജയിച്ചപ്പോൾ ആദിൽ എന്ന വിദ്യാർഥിക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.ദുരന്തത്തിൽ സ്കൂളിലെ 36 കുട്ടികൾ മരിക്കുകയും 17 കുട്ടികളെ കാണാതാവുകയും ചെയ്തിരുന്നു. പത്താം ക്ലാസ് വിദ്യാർഥികളായ ഏഴു കുട്ടികളെയാണ് ദുരന്തത്തിൽ ഈ വിദ്യാലയത്തിന് നഷ്ടമായത്.
Source link