മാപ്പ് തരൂവെന്ന് സെലെൻസ്കി, സൈനിക സഹായം നിർത്തിയതിനു പിന്നാലെ ട്രംപിന് കത്ത്; കൂടിക്കാഴ്ച ഉടൻ

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് ഔദ്യോഗികമായി മാപ്പു പറഞ്ഞ് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫാണു സെലെൻസ്കി ക്ഷമ ചോദിച്ചു കത്തെഴുതിയതായി സ്ഥിരീകരിച്ചത്. ഓവൽ ഓഫിസിലെ കൂടിക്കാഴ്ചയിൽ ട്രംപും സെലെൻസ്കിയും തമ്മിൽ വാഗ്വാദത്തിൽ ഏർപ്പെട്ടതിനു ദിവസങ്ങൾക്കു ശേഷമാണു ക്ഷമാപണം. രണ്ടു രാജ്യങ്ങളും തമ്മിലുള്ള കൂടിക്കാഴ്ച വൈകില്ലെന്നാണു സൂചന.‘‘ട്രംപിനു സെലെൻസ്കി കത്ത് അയച്ചിരുന്നു. ഓവൽ ഓഫിസിൽ നടന്ന എല്ലാ സംഭവങ്ങൾക്കും അദ്ദേഹം ക്ഷമാപണം നടത്തി. ഇതു സുപ്രധാന നടപടിയായി കരുതുന്നു. യുഎസും യുക്രെയ്നും തമ്മിലും യുക്രെയ്നും യൂറോപ്പും തമ്മിലുമുള്ള ചർച്ചകൾ ഫലപ്രദമാകാൻ ഇത് ഉപകാരപ്പെടും’’– വിറ്റ്കോഫ് പറഞ്ഞു. കഴിഞ്ഞ ദിവസം യുഎസ് കോൺഗ്രസിന്റെ സംയുക്ത സെഷനെ അഭിസംബോധന ചെയ്യുമ്പോൾ, സെലെൻസ്കിയുടെ കത്തു കിട്ടിയതായി ട്രംപ് പറഞ്ഞിരുന്നു. കത്തയച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുഗമമാക്കാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Source link