INDIA

മാരുതി സുസുക്കിയുടെ ലാഭത്തിൽ നേരിയ ഇടിവ്; വരുമാനത്തിൽ കുതിപ്പ്, ലാഭവിഹിതം പ്രഖ്യാപിച്ചു, ഓഹരിക്ക് നഷ്ടം


രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാണക്കമ്പനിയായ മാരുതി സുസുക്കി (Maruti Suzuki) ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2024-25) അവസാനപാദമായ ജനുവരി-മാർച്ചിൽ നേടിയത് 3,911 കോടി രൂപയുടെ സംയോജിത ലാഭം (consolidated net profit). മുൻവർഷത്തെ സമാനപാദത്തിലെ 3,952 കോടി രൂപയേക്കാൾ ഒരു ശതമാനം കുറവാണിത്. അതേസമയം, നിരീക്ഷകർ പൊതുവേ പ്രതീക്ഷിച്ച 3,800 കോടി രൂപയേക്കാൾ മെച്ചപ്പെട്ട ലാഭം നേടാനായെന്നത് നേട്ടമായി.കഴിഞ്ഞപാദ വരുമാനം (consolidated revenue) 38,471 കോടി രൂപയിൽ നിന്നുയർന്ന് 40,920 കോടി രൂപയായിട്ടുണ്ട്. ഉൽപന്ന വിൽപനയിലൂടെ മാത്രമുള്ള വരുമാനം 38,842 കോടി രൂപയും മറ്റ് സേവനങ്ങളിൽ നിന്നുള്ളത് 2,078 കോടി രൂപയുമാണ്. ഹരിയാനയിലെ ഖർഖോദായിൽ (Kharkhoda) സ്ഥാപിച്ച പുതിയ പ്ലാന്റ് സംബന്ധിച്ച ചെലവ്, പ്രൊമോഷണൽ ചെലവ് എന്നിവയാണ് ലാഭം കുറയാനിടയാക്കിയതെന്നാണ് വിലയിരുത്തൽ. അതേസമയം, മൂന്നാംപാദമായ ഒക്ടോബർ-ഡിസംബറിലെ 3,727 കോടി രൂപയെ അപേക്ഷിച്ച് കഴിഞ്ഞപാദ ലാഭം 4.9% ഉയർന്നു.ഓഹരിക്ക് 135 രൂപ വീതം മൊത്തം 4,244 കോടി രൂപ മതിക്കുന്ന അന്തിമ ലാഭവിഹിതവും (final dividend) മാരുതി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നു ഓഹരി വിപണിയിൽ വ്യാപാരം നടക്കുമ്പോൾ തന്നെയാണ് മാരുതി പ്രവർത്തനഫലം പുറത്തുവിട്ടത്. വ്യാപാരാന്ത്യത്തിൽ ഓഹരിവിലയുള്ളത് എൻഎസ്ഇയിൽ 2.05 ശതമാനം താഴ്ന്ന് 11,650 രൂപയിൽ. കഴിഞ്ഞദിവസത്തെ ക്ലോസിങ് വിലയായ 11,894 രൂപയിൽ നിന്ന് നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഓഹരി, ഒരുവേള 12,046 രൂപവരെ ഉയർന്നിരുന്നു. പിന്നീടാണ്, പ്രവർത്തനഫല പ്രഖ്യാപനത്തിനു പിന്നാലെ നഷ്ടത്തിലായത്.ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business


Source link

Related Articles

Back to top button