മുംബൈയെ രക്ഷിക്കാൻ വിഘ്നേഷിനുമായില്ല, കളി തിരിച്ചുപിടിച്ച് രചിൻ; ചെന്നൈയ്ക്ക് നാലു വിക്കറ്റ് വിജയം

ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിലെ സൂപ്പർ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് ചെന്നൈ സൂപ്പർ കിങ്സിന് വിജയത്തുടക്കം. നാലു വിക്കറ്റ് വിജയമാണ് ചെന്നൈ നേടിയത്. ആദ്യം ബാറ്റു ചെയ്ത മുംബൈ ഉയർത്തിയ 156 റൺസ് വിജയലക്ഷ്യത്തിലേക്ക് ആറു വിക്കറ്റ് നഷ്ടത്തിൽ 19.1 ഓവറിൽ ചെന്നൈ എത്തി. ഓപ്പണറായി ഇറങ്ങി അവസാന പന്തുവരെ ബാറ്റു ചെയ്ത കിവീസ് താരം രചിൻ രവീന്ദ്രയാണ് അഞ്ചു പന്തുകൾ ബാക്കിനിൽക്കെ ചെന്നൈയുടെ വിജയമുറപ്പിച്ചത്. 45 പന്തുകൾ നേരിട്ട രചിൻ 65 റൺസുമായി പുറത്താകാതെനിന്നു.മുംബൈയുടെ മലയാളി സ്പിന്നര്‍ വിഘ്നേഷ് പുത്തൂർ നാലോവറില്‍ 32 റൺസ് വഴങ്ങി മൂന്നു വിക്കറ്റുകൾ വീഴ്ത്തി. 26 പന്തുകൾ നേരിട്ട ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ് 56 റൺസെടുത്തു പുറത്തായി. മറുപടി ബാറ്റിങ്ങിൽ സ്കോർ 11 ൽ നിൽക്കെ രാഹുല്‍ ത്രിപാഠിയെ ചെന്നൈയ്ക്കു നഷ്ടമായി. പക്ഷേ രചിൻ രവീന്ദ്രയെ കൂട്ടുപിടിച്ച് ഋതുരാജ് ഗെയ്ക്‌വാദ് തകർത്തടിച്ചതോടെ ചെന്നൈ സ്കോർ അനായാസം മുന്നോട്ടുകുതിച്ചു. മലയാളികൾക്കു പോലും കളി കണ്ട് വലിയ പരിചയമില്ലാത്ത മലപ്പുറംകാരൻ വിഘ്നേഷ് പുത്തൂരിനെ മുംബൈ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഇറക്കി വിടുന്നത് അപ്പോഴാണ്. താരത്തിന്റെ എട്ടാം ഓവറിലെ അഞ്ചാം പന്തിൽ ചെന്നൈ ക്യാപ്റ്റൻ വീണു. ഗെയ്ക്‌വാദിനെ വിഘ്നേഷ് വിൽ ജാക്സിന്റെ കൈകളിലെത്തിച്ചു. പത്താം ഓവറിലെ നാലാം പന്തിൽ ശിവം ദുബെയും 12–ാം ഓവറിലെ നാലാം പന്തിൽ ദീപക് ഹൂഡയും വിഘ്നേഷിനു മുന്നിൽ മുട്ടുമടക്കി.
Source link