‘മുഖ്യമന്ത്രിയുടെ കഴുത്തിൽ ബിജെപി വച്ചിരിക്കുന്ന കത്തി; രാഷ്ട്രീയ പ്രേരിതമായിരുന്നെങ്കിൽ സംഘപരിവാർ രക്ഷിച്ചേനെ’

കൊച്ചി ∙ മുഖ്യമന്ത്രിയുടെ മകൾ ടി.വീണയ്‌ക്കെതിരായ എസ്‌എഫ്ഐഒ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ മുഖ്യന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഒരു സേവനവും നൽകാതെ 2.70 കോടി രൂപ കൈപ്പറ്റി സാമ്പത്തിക വഞ്ചന നടത്തി എന്നാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) കണ്ടെത്തിയിരിക്കുന്നതെന്നും ഇതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി ഉടൻ രാജി വയ്ക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. രാഷ്ട്രീയ പ്രേരിതം എന്ന് ഈ കേസിനെ പറയാൻ കഴിയില്ലെന്നും അങ്ങനെയുള്ള കേസായിരുന്നെങ്കിൽ സംഘപരിവാർ നേതൃത്വം മുഖ്യമന്ത്രിയെ സംരക്ഷിച്ചേനെ എന്നും സതീശൻ പറഞ്ഞു. ‘‘ആദായ നികുതി വകുപ്പ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി അവർ കണ്ടെത്തിയ വിവരമാണ് മുഖ്യമന്ത്രിയുടെ മകൾക്കും അവരുടെ കമ്പനിക്കും എതിരെയുള്ളത്. അതുകൊണ്ട് ഇതു രാഷ്ട്രീയ പ്രേരിതം എന്നു പറയാൻ കഴിയില്ല. രണ്ടും തമ്മിൽ വ്യത്യാസമുണ്ട്. രാഷ്ട്രീയ പ്രേരിതം ആയിരുന്നെങ്കിൽ സംഘപരിവാർ നേതൃത്വം ഇടപെട്ടു മുഖ്യമന്ത്രിയെ രക്ഷിക്കുമായിരുന്നു. കരുവന്നൂരിൽ അടക്കം അതു കണ്ടതാണ്. കരുവന്നൂരിൽ ഇ.ഡി.വന്നപ്പോൾ ഞങ്ങൾ പറഞ്ഞത് ഇ.ഡി പിടിച്ചിരിക്കുന്നത് സിപിഎം നേതാക്കളുടെ കഴുത്തിലാണ്. സുരേഷ് ഗോപിക്കു വോട്ടു ചെയ്യിക്കാനായിരുന്നു അത്. അതുപോലെ വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപി മുഖ്യമന്ത്രിയുടെ കഴുത്തിൽ വച്ചിരിക്കുന്ന കത്തിയായി ഇതു മാറരുത്.’’ – വി.ഡി.സതീശൻ പറഞ്ഞു.
Source link