പ്രിവിലേജ് കാർഡ്, വൈദ്യുതി, പാചകവാതക സബ്സിഡി: തിരഞ്ഞെടുപ്പിൽ കളംപിടിക്കാൻ പുതുതന്ത്രങ്ങളുമായി ട്വന്റി 20

കൊച്ചി ∙ സംസ്ഥാനത്ത് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തു വരവേ കളംപിടിക്കാൻ പുതുതന്ത്രങ്ങളുമായി ട്വന്റി 20 പാർട്ടി. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ, കിഴക്കമ്പലത്തു പ്രവർത്തിച്ചിരുന്ന ഭക്ഷ്യസുരക്ഷാ മാർക്കറ്റിനെ ചുറ്റിപ്പറ്റിയാണ് ട്വന്റി 20 രാഷ്ട്രീയം ചലിച്ചതെങ്കിൽ ഇത്തവണ കുറേക്കൂടി ബൃഹത്തായ പദ്ധതികളാണ് പാർട്ടി ലക്ഷ്യം വയ്ക്കുന്നത്. കിഴക്കമ്പലം ഉൾക്കൊളളുന്ന കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിലെ മുഴുവൻ പേർക്കും ‘പ്രിവലേജ് കാർഡ്’ നൽകാനുള്ള നീക്കമാണ് ഇതിൽ പ്രധാനം. ഇതിനായുള്ള സർവേ നടക്കുകയാണ്. പ്രിവിലേജ് കാർഡ് ഉള്ളവർക്ക് ആശുപത്രികളിലും സൂപ്പർ മാർക്കറ്റുകളിലും അടക്കം 25 ശതമാനം മുതൽ ഇളവു ലഭിക്കുന്നതാണ് പദ്ധതി. വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതിയെന്ന് ട്വന്റി 20 വൃത്തങ്ങൾ പറയുന്നു. ഇതിനു പുറമെയാണ് കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകളിലെ മുഴുവൻ ജനങ്ങളുടെയും വൈദ്യുതി, പാചകവാതക വിലയുടെ 25 ശതമാനം നൽകാനുള്ള തീരുമാനം. കുന്നത്തുനാട് മണ്ഡലത്തിലെ 4 പഞ്ചായത്തുകൾ ഭരിക്കുന്നത് കിറ്റക്സ് എംഡി സാബു എം.ജേക്കബ് ചീഫ് കോഓർഡിനേറ്ററായുള്ള ട്വന്റി 20യാണ്.
Source link