പഹല്‍ഗാം ഭീകരാക്രമണം ഐഎസ്ഐ – ലഷ്കറെ തൊയ്ബ സംയുക്തപ്രവര്ത്തനമെന്ന് NIA പ്രാഥമിക റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ പാകിസ്താന്റെ രഹസ്യവിഭാഗമായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സിന്റേയും(ഐഎസ്ഐ) ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയുടേയും സംയുക്ത പ്രവര്‍ത്തനമുണ്ടെന്ന സൂചനയോടെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) യുടെ പ്രാഥമിക റിപ്പോര്‍ട്ട്. ഐഎസ്ഐയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് വിനോദസഞ്ചാരികള്‍ക്കുനേരെ ആക്രമണം നടത്താനുള്ള ഗൂഢാലോചന ലഷ്കറെ തൊയ്ബ നടത്തിയതെന്നാണ് എന്‍ഐഎ വൃത്തങ്ങളില്‍നിന്ന് ലഭിക്കുന്ന സൂചന. പാകിസ്താനിലെ ലഷ്കറെ തൊയ്ബയുടെ ആസ്ഥാനത്തുവെച്ചാണ് പദ്ധതി തയ്യാറാക്കിയതെന്നാണ് റിപ്പോര്‍ട്ടില്‍. പഹല്‍ഗാം ആക്രമണത്തില്‍ മുഖ്യപങ്കുവഹിച്ചതായി കണ്ടെത്തിയ ഹാഷ്മി മൂസ (സുലൈമാന്‍), അലി ഭായി (തല്‍ഹ ഭായി) എന്നീ ഭീകരര്‍ പാകിസ്താനില്‍ നിന്നുള്ളവരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് കസ്റ്റഡിലെടുത്തവരെ ചോദ്യം ചെയ്തതില്‍നിന്ന് ഈ രണ്ട് ഭീകരരും പാകിസ്താനിലെ ലഷ്കറെ തൊയ്ബ പ്രവര്‍ത്തകരുമായി നിരന്തര ആശയവിനിമയം പുലര്‍ത്തിയിരുന്നതായും പദ്ധതി നടപ്പാക്കുന്നതിനുള്ള സമയം, ആയുധങ്ങള്‍, പദ്ധതി നടപ്പാക്കല്‍ എന്നിവയെ കുറിച്ച് ഇവര്‍ക്ക് നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ആക്രണത്തിന് ആഴ്ചകള്ക്കുമുന്പ് ഇവര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറ്റം നടത്തിയതായും ഇവര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചിരുന്നതായും എന്‍ഐഎയ്ക്ക് വിവരം ലഭിച്ചു.
Source link