മോഡലായി തുടക്കം, പ്രിയം ഫാഷനോട്, സ്വന്തമായി ബ്രാൻഡ്; ട്രംപിന്റെ വഴിക്കല്ല ഇവാൻക, ഇത്തവണ പ്രാധാന്യം കുടുംബത്തിന്!

‘ആത്മവിശ്വാസം, നല്ല പെരുമാറ്റ രീതി, മനഃശക്തി ഇവയൊക്കെയാണ് ഒരു സ്ത്രീയെ കൂടുതൽ സുന്ദരിയാക്കുന്നത്’– പറയുന്നത് മറ്റാരുമല്ല അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൾ ഇവാൻക ട്രംപ്. തന്റെ മകൾ അരബെല്ലയ്ക്കു ഇവാൻക നൽകുന്ന ബ്യൂട്ടി സീക്രട്ട്സ് ഇതൊക്കെയാണ്. ചെറുപ്പം മുതലേ ഡിസൈനർ വസ്ത്രങ്ങളും,ആഭരണങ്ങളും ധരിച്ച് നടക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഇവാൻക ഫാഷന്‍റെ കടുത്ത ആരാധികയായിരുന്നു. 2016 ൽ ഡോണൾഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്ത് എത്തിയപ്പോഴാണ് ഇവാൻക ട്രംപ് എന്ന പേര് ലോകശ്രദ്ധയാകർഷിക്കാൻ തുടങ്ങിയത്. ട്രംപിന്റെ ഒന്നാം ഭരണകാലത്ത് പ്രസിഡന്റിന്റെ ഉപദേഷ്ടകയായി വൈറ്റ് ഹൗസിൽ ചുമതലയേറ്റ ഇവാൻക, ട്രംപിന്റെ ആദ്യഭാര്യ ഇവാനയുടെ മകളാണ്.ഇവാൻക ധരിക്കുന്ന വസ്ത്രങ്ങൾക്കു കോടിക്കണക്കിനു ആരാധകരാണ് ലോകത്താകെ ഉള്ളത്. വൈറ്റ് ഹൗസിൽ താമസിക്കുന്ന സമയങ്ങളിൽ അവർ പങ്കെടുക്കുന്ന പൊതുചടങ്ങുകളിൽ ധരിക്കുന്ന വസ്ത്രങ്ങൾ ഫാഷൻലോകത്ത് ശ്രദ്ധേയമായ ചർച്ചകൾക്കു വഴിവെച്ചു. മോഡലായിട്ടാണ് കരിയർ ആരംഭിക്കുന്നത്. പിന്നീട് 2004 ൽ പെൻസിൽവാനിയ സർവകലാശാലയിലെ വാർട്ടൺ സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് ബിരുദം നേടി. കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ട്രംപിന്റെ ബിസിനസ് സാമ്രാജ്യത്തിലേക്ക് ചേരുകയും ചെയ്തു. എന്നാൽ, അവിടെയും ഫാഷനും ബ്യൂട്ടിയും മാത്രമാണ് ഇവാൻകയെ കൂടുതൽ സ്വാധീനിച്ചത്. സ്വന്തം പേരിൽ അറിയപ്പെടുന്ന ഫാഷൻ ബ്രാൻഡിന്റെ സ്ഥാപക കൂടിയാണ് ഇവാൻക. ആ ഒരു ബ്രാൻഡ് വിജയകരമായി കൊണ്ടുപോകാൻ ഇവാൻകയ്ക്കു പ്രചോദനമായതു അവരുടെ ഫാഷനോടുളള കടുത്ത ഭ്രമം തന്നെയായിരുന്നു. മാസീസ് പോലുള്ള പ്രധാന ഡിപ്പാർട്ട്‌മെന്‍റ് സ്റ്റോറുകളിൽ വിറ്റഴിക്കപ്പെട്ട ഒരു ഫാഷൻ ലൈന്‍ ഇവാൻകയുടേതായിരുന്നു. പിന്നീട് സ്വന്തമായി ഒരു ഫൈൻ ജ്വല്ലറി കമ്പനിയും അവർ ആരംഭിച്ചു.
Source link