ആകെ മുങ്ങി നിൽക്കുവാണ്, ഇതൊന്ന് വിറ്റാലേ രക്ഷയുള്ളൂ: 'വീട് വിൽക്കാനുണ്ട്' ബോർഡുകൾ പെരുകുന്ന കേരളം; അനുഭവം

ഏതാണ്ടൊരു നാല് വർഷം മുൻപാണ് ദുബായിലുള്ള സുഹൃത്ത് എന്നെ വിളിച്ച് നാട്ടിൽ ഉള്ള ഒരു വീടിനെപ്പറ്റി പറയുന്നത്. എറണാകുളം ജില്ലയിൽ ഒരു വീട് വിൽപനയ്ക്കുണ്ട്, കക്ഷിക്ക് അത് വാങ്ങിച്ചാൽ കൊള്ളാമെന്നുണ്ട്. വിലയും തരക്കേടില്ല. എങ്കിലും നാട്ടിൽ പോകുമ്പോൾ ഞാൻ അതൊന്നു പോയി കാണണം, ഒരഭിപ്രായം പറയണം. അതിനുശേഷം മാത്രമേ അദ്ദേഹം അന്തിമ തീരുമാനം എടുക്കൂ. അങ്ങനെയാണ് ഞാൻ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഏറെ അകലെയല്ലാതെ ആ വീട്ടിൽ എത്തുന്നത്. സാമാന്യം തരക്കേടില്ലാത്ത വലിയ ഒരു വീട്, പണി കഴിഞ്ഞിട്ട് ഇപ്പോൾ അഞ്ചാറു വർഷം കഴിഞ്ഞുകാണും. കുറഞ്ഞ കാലയളവിനുള്ളിൽ നിർമിക്കപ്പെട്ട ഒരു വീട് വിൽപനയ്ക്കുണ്ട് എന്ന് കേൾക്കുമ്പോൾ അത് വാങ്ങിക്കാൻ ഉദ്ദേശിക്കുന്ന ആൾ ആദ്യം അന്വേഷിക്കേണ്ട കാര്യങ്ങളിലൊന്ന്, ‘എന്തുകൊണ്ട് ആദ്യത്തെ ഉടമ അത് വിൽക്കുന്നു’ എന്നതാണ്. കാരണം, കുറഞ്ഞത് 15 കൊല്ലത്തെ ആവശ്യം മുൻനിർത്തിയാണ് ഒരാൾ വീട് പണിയുക, അതിനുള്ളിൽ അത് പെട്ടെന്ന് വിൽക്കുന്നു എങ്കിൽ അയാളുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്ന എന്തോ ഒന്ന് ഈ കാലഘട്ടത്തിനിടയ്ക്ക് സംഭവിച്ചിട്ടുണ്ട് എന്ന് അനുമാനിക്കാം. അത് കുടുംബപ്രശ്നങ്ങളാകാം, പ്രസ്തുത കെട്ടിടത്തിന് സംഭവിച്ച എളുപ്പം കണ്ടുപിടിക്കാൻ പറ്റാത്ത സാങ്കേതിക പ്രശ്നങ്ങൾ മൂലമാകാം, നിയമപരമായ കാരണങ്ങളാകാം, അങ്ങനെ പലതുമാകാം. എന്നാൽ ഇത് കണ്ടുപിടിക്കേണ്ടത് അത്യാവശ്യമാണ്, അല്ലെങ്കിൽ നിലവിൽ അവർ നേരിടുന്ന പ്രശ്നം പുതിയതായി വാങ്ങുന്ന ആളുടെ തലയിലാകും.
Source link