കൈകൊടുത്ത് ചൈനയും യുഎസും; ആവേശം കാട്ടാതെ ഓഹരി വിപണി, സ്വർണം മുന്നേറുന്നു, കേരളത്തിൽ ഇന്നും വില കൂടാം

ഇന്നലെ നേരിയ നേട്ടത്തിൽ വ്യാപാരം പൂർത്തിയാക്കിയ ഇന്ത്യൻ ഓഹരി വിപണികളെ ഇന്ന് വ്യാപാരം ആരംഭിക്കുന്നതിന് മുൻപ് കാത്തിരിക്കുന്നത് അനുകൂലവും പ്രതികൂലവുമായ നിരവധി ഘടകങ്ങൾ. വ്യാപാരം, ഇറക്കുമതി തീരുവ, അപൂർവ മൂലകങ്ങൾ (റെയർ എർത്ത്) എന്നിവ സംബന്ധിച്ച് ചൈനയുമായി നടന്ന ചർച്ച ഫലപ്രദമാണെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് സൂചിപ്പിച്ചെങ്കിലും യുഎസ്, ഏഷ്യൻ, യൂറോപ്യൻ ഓഹരി വിപണികൾ അതിനോട് സമ്മിശ്രമായാണ് പ്രതികരിച്ചത്. ഇന്ത്യയിൽ ഗിഫ്റ്റ് നിഫ്റ്റി ഇന്ന് പുലർച്ചെ നേരിയ നഷ്ടത്തിലേക്കും വീണത് സെൻസെക്സും നിഫ്റ്റിയും ഇന്ന് നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചേക്കാമെന്ന സൂചനയാണ് നൽകുന്നതും.ചർച്ച ഫലപ്രദമായിരുന്നെന്ന് ട്രംപ് പറഞ്ഞെങ്കിലും നേട്ടം കൂടുതൽ ചൈനയ്ക്കാണെന്ന വിലയിരുത്തലുകളാണ് നിരീക്ഷകർക്കുള്ളത്. 145 ശതമാനത്തിനുമേൽ പകരംതീരുവ നേരത്തേ ട്രംപ് ചൈനയ്ക്കുമേൽ പ്രഖ്യാപിച്ചത് 55 ശതമാനത്തിലേക്ക് കുറയും. താരിഫിൽ കടുംപിടിത്തം ഒഴിവാക്കണമെന്നും റെയർ എർത്ത് നൽകാൻ തയാറാകണമെന്നും അമേരിക്ക ചൈനയോട് അഭ്യർഥിക്കുന്ന തലത്തിലേക്ക് ചർച്ച വഴിമാറിയത്, ചൈനയ്ക്ക് മേൽക്കൈ നൽകുകയും ചെയ്തു. ഇതാണ് യുഎസ് വിപണികളെ നിരാശരാക്കിയത്. ട്രംപ് നേരത്തേ ഇന്ത്യയും ചൈനയും ഉൾപ്പെടെ ലോകത്തെ ഏതാണ്ടെല്ലാ രാജ്യങ്ങൾക്കുമേലും പ്രഖ്യാപിച്ച പകരംതീരുവ നടപ്പാക്കുന്നത് പിന്നീട് 90 ദിവസത്തേക്ക് മരവിപ്പിച്ചിരുന്നു. ഇതിന്റെ കാലാവധി ഉടൻ അവസാനിക്കുമെന്നതാണ് പ്രധാന ആശങ്ക. താരിഫ് ചർച്ചകൾക്ക് തയാറാണെന്ന് ട്രംപ് വ്യക്തമാക്കിയെങ്കിലും ചർച്ച അനിവാര്യമാണെന്ന് അമേരിക്കയ്ക്ക് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞതാണ് തിരിച്ചടി. യുഎസ്-ചൈന സമവായ ചർച്ചകളെ തുടർന്ന് യുഎസ് ഓഹരി വിപണികൾ ആദ്യം നേട്ടത്തിലേറിയെങ്കിലും പിന്നീട് നഷ്ടത്തിലായി. ഡൗ ജോൺസ്, നാസ്ഡാക്, എസ് ആൻഡ് പി 500 സൂചികകൾ 0.50% വരെയും ഏഷ്യയിൽ ജാപ്പനീസ് നിക്കേയ്, ഹോങ്കോങ്, ഷാങ്ഹായ് എന്നിവ 0.85 ശതമാനം വരെയും താഴ്ന്നു. അതേസമയം യൂറോപ്, ഓസ്ട്രേലിയൻ വിപണികൾ നേട്ടത്തിലേറി.പണപ്പെരുപ്പക്കണക്ക് ഇന്ന്ഇന്ത്യയുടെ കഴിഞ്ഞമാസത്തെ റീട്ടെയ്ൽ പണപ്പെരുപ്പക്കണക്ക് ഇന്നു പുറത്തുവരുമെന്നതാണ് ഇന്ത്യൻ ഓഹരി നിക്ഷേപകർ പ്രധാനമായും ഉറ്റുനോക്കുന്ന മറ്റൊരുഘടകം. പണപ്പെരുപ്പം ആശ്വാസതലത്തിൽ തന്നെ തുടർന്നാൽ റിസർവ് ബാങ്ക് ഇനിയും പലിശഭാരം കുറയ്ക്കാനുള്ള വഴിയൊരുങ്ങും. ഇന്നലെ സെൻസെക്സ് 123 പോയിന്റും (+0.15%) നിഫ്റ്റി 37.15 പോയിന്റും (+0.15%) ഉയർന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. 25,141 നിലവാരത്തിലാണ് നിലവിൽ നിഫ്റ്റിയുള്ളത്. ഇത് 25,000ന് താഴേക്ക് ഇന്ന് വീണാൽ ലാഭമെടുപ്പ് സമ്മർദ്ദത്തിന് ഇടവച്ചേക്കാമെന്നും സൂചിക 24,850 വരെ താഴ്ന്നേക്കാമെന്നും നിരീക്ഷകർ പ്രവചിക്കുന്നു. മറിച്ച് 25,300ന് മുകളിലെത്തിയാൽ മുന്നേറ്റം 25,500 വരെയെങ്കിലും തുടരുകയും ചെയ്യാം.
Source link