WORLD

‘യൂട്യൂബ് നോക്കി ട്രെക്കിങ് പഠിച്ചു; ഇനി എവറസ്റ്റ് യാത്ര നടക്കുമോ എന്നറിയില്ല’, കസവുസാരിയിൽ ബേസ് ക്യാംപിലെത്തിയ വാസന്തി


സ്വപ്നങ്ങൾ കാണാൻ ആർക്കും സാധിക്കും. എന്നാൽ തടസങ്ങളെല്ലാം തരണം ചെയ്ത് മനസർപ്പിച്ച് ആ സ്വപ്നത്തിലേയ്ക്ക് നടന്നടുക്കാൻ ചുരുക്കം ചിലർക്കേ സാധിക്കൂ. കണ്ണൂരിലെ തളിപ്പറമ്പ് സ്വദേശിയായ വാസന്തി ചെറുവീട്ടിൽ എന്ന 59കാരി അക്കൂട്ടത്തിൽ ഒരാളാണ്. തന്റെ സമപ്രായക്കാരിൽ ഭൂരിഭാഗവും ഒന്നു പരിശ്രമിച്ചു നോക്കാൻ പോലും മടിക്കുന്ന ഒരു സാഹസികയാത്ര പൂർത്തിയാക്കിയതിന്റെ നിർവൃതിയിലാണ് വാസന്തി. ദൃഢനിശ്ചയം മാത്രം കൈമുതലാക്കി എവറസ്റ്റ് ബേസ് ക്യാംപിലേയ്ക്ക് ഒറ്റയ്ക്ക് ട്രെക്കിങ് നടത്തിയ യാത്രയിലെ അനുഭവം ഓൺമനോരമയുമായി പങ്കുവയ്ക്കുകയാണ് വാസന്തി. ട്രെക്കിങ് ഗുരുവായത് യൂട്യൂബ് എവറസ്റ്റ് യാത്രയ്ക്ക് തയാറെടുക്കുന്നവർ ദീർഘനാളത്തെ പരിശീലനം നേടാറുണ്ട്. എന്നാൽ ഔദ്യോഗിക പരിശീലനം നേടാതെ പൂർണമായും യൂട്യൂബ് വിഡിയോകളെ ആശ്രയിച്ചായിരുന്നു വാസന്തിയുടെ മുന്നൊരുക്കങ്ങൾ. ട്രെക്കിങ്ങിന്റെയും ഫിറ്റ്നസിന്റെയും പാഠങ്ങൾ മാത്രമല്ല യാത്രാവേളയിൽ കാര്യങ്ങൾ മനസ്സിലാക്കാനായി അൽപം ഹിന്ദിയും യൂട്യൂബിന്റെ സഹായത്തോടെ പഠിച്ചെടുത്തു. നാലു മാസമെടുത്താണ് ട്രെക്കിങ്ങിനായി സ്വന്തം ശരീരത്തെ വാസന്തി പരിശീലനത്തിലൂടെ പാകപ്പെടുത്തിയത്. പതിവായി രാവിലെ മൂന്നുമണിക്കൂർ നടത്തം. ട്രെക്കിങ് ബൂട്ടുകൾ ധരിച്ചുകൊണ്ട് നടക്കാൻ പരിശീലനം നേടി. വൈകുന്നേരങ്ങളിൽ സുഹൃത്തുക്കൾക്കൊപ്പം അഞ്ച്- ആറ് കിലോമീറ്ററുകൾ നടന്നു. ഇതിനൊപ്പം വ്യായാമ മുറകളും പതിവായി പിന്തുടർന്നു. എന്നാൽ ഈ തയാറെടുപ്പുകൾ നടത്തുമ്പോൾ എവറസ്റ്റ് യാത്രയ്ക്കുള്ള ഒരുക്കത്തിലാണെന്ന് പറഞ്ഞത് സുഹൃത്തുക്കൾ പോലും വിശ്വസിക്കാൻ തയാറായില്ലെന്ന് വാസന്തി പറയുന്നു.


Source link

Related Articles

Back to top button