മണപ്പുറം ഫിനാൻസിന്റെ പാർട്ണറായി ഇനി ബെയ്ൻ ക്യാപിറ്റലും; 18% ഓഹരി ആദ്യം ഏറ്റെടുക്കും, നിക്ഷേപം 4,385 കോടി

തൃശൂർ ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനവും (NBFC) ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്വർണപ്പണയ (Gold Loan) വായ്പാക്കമ്പനിയുമായ മണപ്പുറം ഫിനാൻസിൽ (Manappuram Finance) നിക്ഷേപ പങ്കാളിയാകാൻ അമേരിക്കൻ സ്വകാര്യ ഇക്വിറ്റി കമ്പനിയായ ബെയ്ൻ ക്യാപിറ്റൽ (Bain Capital). ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ പ്രിഫറൻഷ്യൽ ഓഹരി ഇടപാടിലൂടെ മണപ്പുറം ഫിനാൻസിന്റെ 18% ഓഹരികൾ 4,385 കോടി രൂപയ്ക്ക് ബെയ്ൻ ഏറ്റെടുക്കും. ഇക്കാര്യം സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് നൽകിയ കത്തിൽ മണപ്പുറം ഫിനാൻസ് സ്ഥിരീകരിച്ചു. പ്രൊമോട്ടറും മാനേജിങ് ഡയറക്ടറും സിഇഒയുമായ വി.പി. നന്ദകുമാറിന്റെയും കുടുംബത്തിന്റെയും കൈവശമുള്ള നിശ്ചിത ഓഹരികളാണ് ഏറ്റെടുക്കുന്നത്.യോഗ്യരായ നിക്ഷേപകർക്ക് നേരിട്ട് ഓഹരി വിൽക്കുന്ന രീതിയാണ് പ്രിഫറൻഷ്യൽ ഓഹരി വിൽപന. ഇതിനു പുറമെ, ഓഹരി വാറന്റ് ഇനത്തിലും കൈമാറും. നിശ്ചിത സമയത്തിനകം നിശ്ചിത വിലയിൽ ഓഹരി വാങ്ങാനുള്ള ധാരണയാണിത്. ആദ്യഘട്ടത്തിൽ ഓഹരിക്ക് 236 രൂപ വിലപ്രകാരം 9.29 കോടി ഓഹരികളാണ് ബെയ്ൻ വാങ്ങുക. മണപ്പുറം ഫിനാൻസിന്റെ കഴിഞ്ഞ 6 മാസത്തെ ശരാശരി ഓഹരിവിലയേക്കാൾ 30% പ്രീമിയത്തിലാണ് (അധികവില) ഏറ്റെടുക്കൽ. ഉപകമ്പനിയായ ബിസി ഏഷ്യ ഇൻവെസ്റ്റ്മെന്റ്സ് XXV വഴിയായിരിക്കും ഇടപാട്. പുറമെ മറ്റൊരു ഉപകമ്പനിയായ ബിസി ഏഷ്യ ഇൻവെസ്റ്റ്മെന്റ്സ് XXIV വഴി തത്തുല്യ ഓഹരി വാറന്റും നൽകും.നേരത്തെ, മണപ്പുറം ഫിനാൻസിന്റെ നിയന്ത്രണ ഓഹരികൾ ബെയ്ൻ സ്വന്തമാക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, വി.പി. നന്ദകുമാറും കുടുംബവും ബെയ്നിനൊപ്പം പ്രൊമോട്ടർ സ്ഥാനത്തുതന്നെ തുടരുമെന്ന് കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് നൽകിയ കത്തിലൂടെ വ്യക്തമായി. നൂതന പദ്ധതികളിലൂടെ സുസ്ഥിര വളർച്ച ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് ബെയ്ൻ ക്യാപിറ്റലുമായുള്ള സഹകരണമെന്ന് വി.പി. നന്ദകുമാർ വ്യക്തമാക്കി.
Source link