‘തരൂരിന്റെ പ്രസ്താവന മോദി സ്തുതിയായി കാണേണ്ട; ഗാസയിൽ ഇസ്രയേലിന്റെ കടന്നുകയറ്റത്തെക്കുറിച്ചും പറയണമായിരുന്നു’

കോഴിക്കോട്∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച ശശി തരൂരിനെ പൂർണമായി തള്ളാതെ കെ.മുരളീധരൻ. തരൂരിന്റെ പ്രസ്താവന മോദി സ്തുതിയായി കാണേണ്ടതില്ലെന്ന് മുരളീധരൻ പറഞ്ഞു. ‘‘യുക്രെയ്നിലേക്ക് റഷ്യ അതിക്രമിച്ചു കയറിയത് തെറ്റായിപ്പോയെന്ന് പാർട്ടിലൈൻ അനുസരിച്ച് ലോക്സഭയിൽ പ്രസംഗിച്ചയാളാണ് തരൂർ. മുയലിനോടൊപ്പം ഓടുകയും വേട്ടപ്പട്ടിയോടൊപ്പം വേട്ടയാടുകയും ചെയ്യുന്നു എന്ന സമീപനം പ്രധാനമന്ത്രി സ്വീകരിച്ചു എന്നായിരിക്കാം തരൂർ ഉദ്ദേശിച്ചത്. അല്ലാതെ അതൊരു മോദി സ്തുതിയാണെന്ന് പറയേണ്ടതില്ല.രാജ്യാന്തര വിഷയം സംസാരിച്ച സ്ഥിതിക്ക് അദ്ദേഹം ഗാസയിൽ ഇസ്രയേൽ നടത്തിയ കടന്നുകയറ്റത്തെക്കുറിച്ചും പറയേണ്ടതായിരുന്നു. നിരവധി സ്ത്രീകളും കുട്ടികളും ഗാസയിൽ കൊല്ലപ്പെട്ടു. ഇപ്പോൾ നടത്തുന്ന ആക്രമണത്തെ ന്യായീകരിക്കാൻ ഇസ്രയേലിന് സാധിക്കില്ല. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാക്കു കേട്ട് ഒരു രാജ്യത്തെ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ അതിനെ അപലപിക്കാൻ കൂടി അദ്ദേഹം തയാറാകേണ്ടതായിരുന്നു. പ്രധാനമന്ത്രി അക്കാര്യത്തിൽ മൗനം പാലിക്കുകയാണ്.
Source link