‘രാഹുല്‍ ഔട്ടായാല്‍ ടിവി ഓഫാക്കാനോ?’; സച്ചിനുമായി താരതമ്യം ചെയ്താല്‍ ഇറങ്ങിപ്പോകുമെന്ന് മുന്‍ താരം

മിന്നും ഫോമില്‍ കളിക്കുമ്പോഴും റെക്കോഡുകള്‍ മറികടക്കുമ്പോഴുമൊക്കെ താരങ്ങള്‍ താരതമ്യങ്ങള്‍ക്ക് വിധേയമാകാറുണ്ട്. പ്രതിഭാധനരായ താരങ്ങള്‍ നേരിടുന്ന ഒരു വെല്ലുവിളി കൂടിയാണത്. ആരാധകര്‍ ഇതിഹാസതാരങ്ങളുമായി പോലും പുതിയ താരങ്ങളെ താരതമ്യം ചെയ്യുന്നു. ക്രിക്കറ്റിലാകട്ടെ നേടിയ റണ്‍സും സെഞ്ചുറികളുമൊക്കെ നോക്കി ബാറ്റര്‍മാരില്‍ കേമനാരെന്ന് ചര്‍ച്ചചെയ്യാറുണ്ട് ക്രിക്കറ്റ് നിരീക്ഷകര്‍. എന്നാല്‍ ഇന്ത്യന്‍ താരം കെ.എല്‍. രാഹുലിനെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുമായി താരതമ്യം ചെയ്താലോ? അടുത്തിടെ നടന്ന ഒരു ഷോയാണ് സാമൂഹികമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.ഒടിടി പ്ലേ യിലെ ബെയില്‍സ് ആന്റ് ബാന്റര്‍ എന്ന പരിപാടിയിലാണ് സച്ചിനെ രാഹുലുമായി താരതമ്യം ചെയ്തത്. രാഹുലിന്റെ ടീം 1990 ലെ സച്ചിന്റെ സംഘത്തെ ഓര്‍മിപ്പിക്കുന്നതായി ആരാധകര്‍ പറയുന്നുണ്ടെന്ന് ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. ഇതുകേട്ട മുന്‍ ക്രിക്കറ്റ് താരം അതുല്‍ വാസന്‍ രൂക്ഷമായാണ് ഇതിനോട് പ്രതികരിച്ചത്. ഇനി ഇത്തരം താരതമ്യം നടത്തിയാല്‍ താന്‍ ഇവിടെ നിന്ന് ഇറങ്ങിപ്പോകുമെന്ന് അദ്ദേഹം പറഞ്ഞു.
Source link