രേഖയ്‌ക്കൊപ്പം സെല്‍ഫി, റീല്‍സ്: ഫോളോവേഴ്‌സിനെ കൂട്ടാന്‍ ബിഗ് ബിയെ ഉപദേശിച്ച് ആരാധകര്‍

അഭിനയത്തിന്റെ കൊടുമുടി കീഴടക്കിയ താരമാണ് അമിതാഭ് ബച്ചന്‍. സിനിമയില്‍ അദ്ദേഹത്തിന് നേടാന്‍ കഴിയാത്തതായി അധികമൊന്നും ഉണ്ടാകാനിടയില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ കാലത്ത് ഒരു പ്രതിസന്ധി നേരിടുന്നവിവരം തുറന്നുപറഞഞ് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടും കഠിന പരിശ്രമം നടത്തിയിട്ടും X ഫോളോവേഴ്‌സിന്റെ എണ്ണം 50 മില്യണില്‍ എത്തിക്കാന്‍ കഴിയുന്നില്ല എന്നതാണ് ബിഗ് ബി നേരിടുന്ന പ്രതിസന്ധി. ഇതോടെയാണ് എന്താണ് ഒരു പോംവഴിയെന്ന് നിര്‍ദേശിക്കാന്‍ അദ്ദേഹം ആരാധകരോടുതന്നെ ആവശ്യപ്പെട്ടത്.തൊട്ടുപിന്നാലെ വിചിത്രവും സര്‍ഗാത്മകവും രസകരവുമായ മറുപടികളുമായി ആരാധകര്‍ രംഗത്തെത്തി. ഭാര്യ ജയാ ബച്ചനൊപ്പമുള്ള ചിത്രങ്ങളും റീല്‍സും പോസ്റ്റുചെയ്യണം എന്നതു മുതല്‍ രാജ്യത്തെ വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം എന്നിവ സംബന്ധിച്ച വിലയിരുത്തലുകളും പ്രതികരണങ്ങളും നടത്തണം എന്ന ആവശ്യംവരെ ഉയര്‍ന്നു. മുന്‍കാല സഹതാരമായിരുന്ന രേഖയ്‌ക്കൊപ്പമുള്ള സെല്‍ഫികള്‍ പോസ്റ്റുചെയ്യണമെന്ന ആവശ്യവും ചിലര്‍ മുന്നോട്ടുവെച്ചു. നിര്‍മിതബുദ്ധിയുടെ സഹായംതേടണമെന്ന് ബോളിവുഡ് താരത്തെ ഉപദേശിച്ചവരമുണ്ട്. ഓസ്‌ട്രേലിയയിലെ ജനസംഖ്യയെക്കാള്‍ കൂടുതല്‍ പേര്‍ താങ്കളെ ഫോളോ ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയവരുമുണ്ട്.
Source link