ലഹരിക്കടത്ത്: ഒരുമിച്ച് തടയാൻ പൊലീസും എക്സൈസും; 997 സ്ഥിരം പ്രതികൾ കർശന നിരീക്ഷണത്തിൽ

തിരുവനന്തപുരം ∙ ലഹരിക്കെതിരെയുള്ള പൊലീസ്–എക്സൈസ് പോരാട്ടം ഇനി ഒരുമിച്ച്. വലിയ അളവ് ലഹരിയെക്കുറിച്ചു വിവരം ലഭിച്ചാൽ ഒരു സംഘമായിട്ടായിരിക്കും ഇനി ഓപ്പറേഷൻ. ഇരു സേനകളുടെയും ഇന്റലിജൻസ് വിഭാഗങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ പങ്കുവയ്ക്കാനും കോൾ ഡേറ്റ റെക്കോർഡ്, മൊബൈൽ ടവർ ലൊക്കേഷൻ എന്നിവ എക്സൈസ് ആവശ്യപ്പെടുമ്പോൾ താമസമില്ലാതെ കൈമാറാനും തീരുമാനിച്ചു. എഡിജിപി മനോജ് ഏബ്രഹാമിന്റെയും എക്സൈസ് കമ്മിഷണർ മഹിപാൽ യാദവിന്റെയും നേതൃത്വത്തിൽ ചേർന്ന യോഗമാണ് പുതിയ നീക്കം തീരുമാനിച്ചത്. ആദ്യപടിയായി എക്സൈസ് തയാറാക്കിയ സ്ഥിരം പ്രതികളുടെ പട്ടിക പൊലീസിനും കൈമാറും. സ്ഥിരം ലഹരി കടത്തുന്നവരെ കർശന നിരീക്ഷണത്തിൽ വയ്ക്കാൻ 997 പേരുടെ പട്ടികയാണ് തയാറാക്കിയത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ടു പൊലീസും എക്സൈസും പിടികൂടുന്ന കേസുകളുടെ വിവരങ്ങളും പരസ്പരം പങ്കുവയ്ക്കും. ഇതോടെ 2 വകുപ്പുകളിലെയും കേസുകൾ സംയോജിപ്പിച്ചു കാപ്പ നിയമവും പിറ്റ് എൻഡിപിഎസ് നിയമവും ചുമത്താനാകും. കേസുകളുടെ എണ്ണം കുറഞ്ഞതുകൊണ്ടു സ്ഥിരം കുറ്റവാളികൾ കരുതൽ തടങ്കൽ നടപടിയിൽനിന്നു ഒഴിവാകുന്നതും ഇതുവഴി തടയാനാകും. വീട്ടിലും നിരീക്ഷണം ലഹരി കടത്തുകേസുകളിലെ 497 പേരും അബ്കാരി കേസുകളിലെ 500 പേരും ഉൾപ്പെടുന്നതാണ് എക്സൈസ് പട്ടിക. ഇവരെ സ്ഥിരം കുറ്റവാളികളെന്നു കണക്കാക്കി നീക്കങ്ങൾ നിരീക്ഷിക്കും. സമാനസ്വഭാവമുള്ള ഒന്നിലധികം കേസുകളിൽ ഉൾപ്പെട്ടതാണു മാനദണ്ഡം. പട്ടികയിലുള്ളവരുടെ വീടുകളിൽ ആഴ്ചയിലൊരിക്കൽ എക്സൈസ് ഉദ്യോഗസ്ഥരെത്തും. വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുണ്ടോയെന്നു നിരീക്ഷിക്കുകയാണ് ഉദ്ദേശ്യം. ഭാവിയിലെ കേസുകൾക്കനുസരിച്ചു പട്ടിക വിപുലീകരിക്കും. പൊലീസിന്റെ കെഡി (നോൺ ഡിപ്രഡേറ്റർ–അറിയപ്പെടുന്ന കുറ്റവാളി) പട്ടികയ്ക്കു സമാനമാണിത്. മരണത്തോടെ മാത്രമേ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെടുകയുള്ളൂ.
Source link