WORLD

വിഘ്നേഷിനു പിന്നാലെ പുതിയ വിസ്മയം ‘കെട്ടഴിച്ച്’ മുംബൈ; അരങ്ങേറ്റത്തിൽ 4 വിക്കറ്റുമായി അശ്വനികുമാർ, കൊൽക്കത്ത 116ന് പുറത്ത്


മുംബൈ∙ സീസണിലെ ആദ്യ രണ്ടു മത്സരങ്ങളും തോറ്റതോടെ ഏറെ പഴികേട്ട മുംബൈ ഇന്ത്യൻസ്, മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ ‘പ്രിയപ്പെട്ടവർക്കു’ മുന്നിലേക്കെത്തിയപ്പോൾ യഥാർഥ മുംബൈ ഇന്ത്യൻസായി. ഫലം, ഐപിഎൽ 18–ാം സീസണിലെ തോൽവി പരമ്പരയ്‌ക്ക് വിരാമമിട്ട് മുംബൈ ഇന്ത്യൻസിന് ആദ്യ ജയം. നിലവിലെ ചാംപ്യൻമാർ കൂടിയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ എട്ടു വിക്കറ്റിനാണ് മുംബൈ തകർത്തത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്ത കൂട്ടത്തകർച്ച നേരിട്ട് 16.2 ഓവറിൽ 116 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ ഓപ്പണർ റയാൻ റിക്കിൾട്ടൻ അർധസെഞ്ചറിയുമായി തിളങ്ങിയതോടെ മുംബൈ 43 പന്തും എട്ടു വിക്കറ്റും ബാക്കിയാക്കി വിജയത്തിലെത്തി.റിക്കിൾട്ടൻ 41 പന്തിൽ നാലു ഫോറും അഞ്ച് സിക്സും സഹിതം 62 റൺസുമായി പുറത്താകാതെ നിന്നു. 33 പന്തിൽ നാലു ഫോറും നാലു സിക്സും സഹിതമാണ് റിക്കിൾട്ടൻ അർധസെഞ്ചറി കടന്നത്. വിൽ ജാക്സ് 17 പന്തിൽ ഒരു സിക്സ് സഹിതം 16 റൺസെടുത്ത് പുറത്തായി. 12 പന്തിൽ ഒരു സിക്സ് സഹിതം 12 റൺസുമായി രോഹിത് ശർമയാണ് പുറത്തായ മറ്റൊരു താരം. സൂര്യകുമാർ യാദവ് ഒൻപതു പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം പുറത്താകാതെ 27 റൺസെടുത്ത് മുംബൈ വിജയം രാജകീയമാക്കി. മുംബൈയ്ക്ക് നഷ്ടമായ രണ്ടു വിക്കറ്റും ആന്ദ്രെ റസ്സൽ സ്വന്തമാക്കി. 2.5 ഓവറിൽ 35 റൺസ് വഴങ്ങിയാണ് റസ്സൽ രണ്ടു വിക്കറ്റെടുത്തത്.


Source link

Related Articles

Back to top button