‘233 രൂപ ദിവസവേതനം; അതുതന്നെ നൽകുന്നില്ല’; ആശാവർക്കർമാരുടെ സമരം ലോക്സഭയിൽ ഉന്നയിച്ച് കേരള എംപിമാർ

ന്യൂഡൽഹി∙ സെക്രട്ടേറിയറ്റിനു മുന്നിൽ ആശാവർക്കർമാർ നടത്തുന്ന അനിശ്ചിതകാല സമരം ലോക്സഭയിൽ ഉന്നയിച്ചു കേരളത്തിൽ നിന്നുള്ള എംപിമാർ. ലോക്‌സഭയുടെ ശൂന്യവേളയിലാണു കോൺഗ്രസ് എംപിമാരായ കെ.സി.വേണുഗോപാൽ, ശശി തരൂർ, വി.കെ.ശ്രീകണ്ഠൻ എന്നിവർ വിഷയം ഉന്നയിച്ചത്. ആശാവർക്കർമാർക്ക് 233 രൂപയാണു ദിവസവേതനമെന്നും അത് തന്നെ കേരളത്തിൽ കൃത്യമായി സർക്കാർ നൽകുന്നില്ലെന്നും കെ.സി.വേണുഗോപാൽ ഉന്നയിച്ചു. ‘‘വിഷയത്തിൽ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ പരസ്പരം കുറ്റപ്പെടുത്തുകയാണ്. ആരാണ് ഇതിന് ഉത്തരവാദികൾ. ആശാവർക്കർമാരുടെ മാസവേതനം 21,000 രൂപയായി നിജപ്പെടുത്തണം. അവർക്ക് വിരമിക്കൽ ആനുകൂല്യം നൽകണം. 30 ദിവസത്തിലേറെയായി സമരം നടത്തുകയാണ് അവർ. എല്ലാ ആശാവർക്കർമാരും അവിടെ സമരം ചെയ്യുകയാണ്. അവർ സമൂഹത്തിന്റെ ആരോഗ്യ പോരാളികളാണ്. 2005ൽ യുപിഎ സർക്കാരാണ് ആശാവർക്കർ എന്ന ആശയം നടപ്പാക്കുന്നത്. തെലങ്കാന, കർണാടക, സിക്കിം സർക്കാരുകൾ വേതനം കൂട്ടിനൽകി. റിട്ടയർ ചെയ്താൽ കയ്യിൽ ഒന്നുമില്ലാതെ അവർ തിരികെ പോകേണ്ട അവസ്ഥയാണ്. കേന്ദ്ര ആരോഗ്യമന്ത്രിയിൽനിന്നു ഇതിനു ഉത്തരം ലഭിക്കണം’’ – കെ.സി.വേണുഗോപാൽ പറഞ്ഞു. പിന്നാലെ ആശാവർക്കർമാരുടെ സമരത്തെ കുറിച്ച് വി.കെ.ശ്രീകണ്ഠൻ എംപി മലയാളത്തിൽ സംസാരിച്ചു.
Source link