ഓഹരി, രൂപ, സ്വർണം അതിശയക്കുതിപ്പ്

കൊച്ചി ∙ സ്വർണത്തിനും രൂപയ്ക്കും ഓഹരികൾക്കും വിലക്കുതിപ്പ്. പരസ്പരം മത്സരിക്കുന്ന മട്ടിൽ മൂന്നു വിപണികളും ഒന്നുപോലെ മുന്നേറിയത് അതിശയക്കാഴ്ചയായി. സ്വർണ വില പവന് (8 ഗ്രാം) 840 രൂപ നേട്ടത്തോടെ 71,360 നിലവാരത്തിലേക്കാണ് ഉയർന്നത്. യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപ 29 പൈസയുടെ നേട്ടത്തോടെ 85.35 നിലവാരം കയ്യടക്കി. സെൻസെക്സ് 1508.91 പോയിന്റ് വർധനയോടെ 78,553.20 പോയിന്റിൽ വിജയപതാക ഉയർത്തി. നിഫ്റ്റി 414.46 പോയിന്റ് കീഴടക്കി 23,851.65 നിലവാരത്തിലേക്കാണ് ഉയർന്നത്,.വിദേശ നിക്ഷേപകരിൽ നിന്നുള്ള പണ പ്രവാഹവും ഡോളറിന്റെ വിലയിടിവും ക്രൂഡ് ഓയിലിന്റെ വിലസ്ഥിരതയുമാണ് ഓഹരി വിപണിയിലെ അസാധാരണ കുതിപ്പിനു കാരണം. സ്വർണ വിലയ്ക്കു പുതിയ റെക്കോഡിന്റെ തിളക്കത്തിനു കാരണമായതു ഡോളറിന്റെ വിലയിടിവും സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള ആകർഷകത്വവുമാണ്. അതേസമയം, സുരക്ഷിത ആസ്തിയെന്ന നിലയിലുണ്ടായിരുന്ന മതിപ്പിന് ഇടിവു വന്നുകൊണ്ടിരിക്കുന്നതും യുഎസ് ട്രഷറി ബോണ്ടുകളിൽ നിന്നുള്ള വരുമാന ഇടിവുമാണു ഡോളറിനു വിനയായത്.ജനുവരി ഒന്നിനു പവന് 57,200 രൂപ മാത്രമായിരുന്ന സ്വർണ വില പല തവണ റെക്കോഡ് തിരുത്തിക്കഴിഞ്ഞു. വില 71,360 നിലവാരത്തിലെത്തിയതോടെ ഈ വർഷത്തെ നേട്ടം 24.76 ശതമാനത്തിലേക്കാണ് ഉയർന്നിരിക്കുന്നത്. മറ്റ് ആസ്തികൾക്കൊന്നും ഈ വേഗമോ നിരക്കോ കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. ഈ ആഴ്ചയിലെ നാലു വ്യാപാര ദിനങ്ങളിലുണ്ടായ വർധന തന്നെ 1320 രൂപയുടേതാണ്.ഈ ആഴ്ചയിൽ മാത്രം രൂപയ്ക്കുണ്ടായ നേട്ടം 133 പൈസയുടേതാണ്. ഇന്റർബാങ്ക് ഫോറെക്സ് വിപണിയിൽ ബുധനാഴ്ച 85.64 നിലവാരത്തിൽ അവസാനിച്ച വ്യാപാരം ഇന്നലെ ആരംഭിച്ചതു തന്നെ 85.48 നിരക്കിലാണ്.
Source link