28 വർഷം മുൻപ് റാഗിങ്ങിൽ മനസ്സ് കെെവിട്ടു, സ്വന്തം കണ്ണ് ചൂഴ്ന്നെടുത്തു; സാവിത്രി മരണത്തിന് കീഴടങ്ങി

ചെറുവത്തൂർ: മിടുക്കിയായിരുന്നു സാവിത്രി. സ്കൂളിൽ പഠനത്തിലും പാഠ്യേതരവിഷയങ്ങളിലും മികവ് പുലർത്തിയിരുന്നു. യുവജനോത്സവങ്ങളിൽ നൃത്തയിനങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയിരുന്നു. പക്ഷേ, റാഗിങ് തകർത്ത ആ ജീവൻ 28 വർഷത്തിനിപ്പുറം പൊലിഞ്ഞു. കോളേജിലെ മുതിർന്ന വിദ്യാർഥികളുടെ റാഗിങ്ങിന് ഇരയായി ജീവിതം തകർന്ന വെങ്ങാട്ടെ എം.വി. സാവിത്രി (45) തിങ്കളാഴ്ചയാണ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലായിരുന്നു അന്ത്യം.1996-ൽ കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെ പഠനകാലത്താണ് സാവിത്രി റാഗിങ്ങിനിരയായത്. എസ്എസ്എൽസിയിൽ ഉന്നതവിജയം നേടിയ സാവിത്രിയെ പ്രീഡിഗ്രിക്ക് നെഹ്‌റു കോളേജിൽ ചേർത്തു. നാലുപെൺമക്കളുള്ള കുടുംബത്തിലെ പ്രതീക്ഷയായിരുന്നു. മൂന്നുദിവസം മാത്രമേ കോളേജ് ജീവിതമുണ്ടായിരുന്നുള്ളു. മുതിർന്ന വിദ്യാർഥികളുടെ റാഗിങ്ങിന് ഇരയായ സാവിത്രി മാനസികമായി തളർന്നു. പിന്നീട് കോളേജിൽ പോയില്ല, വീട്ടിൽനിന്ന് പുറത്തിറങ്ങിയതുമില്ല. തന്നെ വേദനിപ്പിച്ചവരെ ഇനി കാണേണ്ടതില്ലെന്ന് തീരുമാനിച്ച അവൾ തന്റെ വലുതുകണ്ണ് ചൂഴ്‌ന്നെടുത്ത് ജീവിതം ഇരുളാക്കിമാറ്റി. സാമ്പത്തികമായി പിന്നാക്കമെങ്കിലും അമ്മ എം.വി. വട്ടിച്ചിയും സഹോദരിമാരും ദീർഘകാലം സാവിത്രിയെ ചികിത്സയ്ക്ക് വിധേയമാക്കി. തിരുവനന്തപുരത്തെ ചിത്തരോഗ ആസ്പത്രിയിലായിരുന്നു പത്തുവർഷം.
Source link