പാതിവില തട്ടിപ്പ്: ആനന്ദ കുമാർ കസറ്റഡിയിൽ, ശാരീരികാസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം∙ പാതിവില തട്ടിപ്പു കേസിലെ പ്രതി സത്യസായി ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദ കുമാറിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തു. ആനന്ദ കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതിനു പിന്നാലെയാണു നടപടി. കസ്റ്റഡിയില്‍ എടുത്തതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആനന്ദ കുമാറിനെ ആശുപത്രിയിലേക്കു മാറ്റി. ആനന്ദകുമാറിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നാണു ക്രൈംബ്രാഞ്ച് പറയുന്നത്. ആനന്ദകുമാര്‍ ദേശീയ ചെയര്‍മാന്‍ ആയ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ വഴിയാണ് തട്ടിപ്പു നടന്നിരിക്കുന്നത്. മുഖ്യപ്രതിയായ അനന്തുകൃഷ്ണനില്‍നിന്ന് ആനന്ദ കുമാര്‍ ഓരോ മാസവും പണം കൈപ്പറ്റിയിരുന്നുവെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. ആനന്ദ കുമാറിന്റെ നിര്‍ദേശപ്രകാരമാണ് എന്‍ജിഒ കോണ്‍ഫെഡറേഷന്‍ രൂപീകരിച്ചതെന്ന് അനന്തു പറഞ്ഞിരുന്നു. തൊടുപുഴ സ്വദേശിയായ അനന്തുകൃഷ്ണന്‍ മാത്രമല്ല തട്ടിപ്പിനു പിന്നിലെന്നാണ് അന്വേഷണസംഘം കരുതുന്നത്. ഇതിന്റെ പിന്നിലെ ബുദ്ധികേന്ദ്രം ആരാണെന്നും ആസൂത്രണം നടത്തിയത് ആരെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. സംസ്ഥാനത്ത് ഒട്ടാകെ സീഡ് സൊസൈറ്റികള്‍ രൂപീകരിച്ചു വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചു പകുതി വിലയ്ക്ക് വാഹനങ്ങള്‍, ലാപ്‌ടോപ്, തയ്യല്‍ മെഷീന്‍, രാസവളം എന്നിവ നല്‍കാമെന്നു പറഞ്ഞാണ് തട്ടിപ്പു നടത്തിയിരിക്കുന്നത്. അനന്തുകൃഷ്ണന്റെ ഇരുപതോളം ബാങ്ക് അക്കൗണ്ടുകള്‍ വഴി 500 കോടിയോളം രൂപയുടെ ഇടപാട് നടന്നുവെന്നാണു കരുതുന്നത്.
Source link