എരിതീയെണ്ണയായി ട്രംപിന്റെ പോസ്റ്റ്; ഗിഫ്റ്റ് നിഫ്റ്റിക്ക് ചാഞ്ചാട്ടം, ഇന്ത്യൻ വിപണിക്കും സമ്മർദം, താഴ്ന്ന് സ്വർണവില

മധ്യപൂർവദേശത്ത് സംഘർഷം കൂടുതൽ രൂക്ഷമായേക്കുമെന്ന് സൂചിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാമൂഹിക മാധ്യമ പോസ്റ്റ് പുറത്തുവന്നത് ആഗോളതലത്തിൽ ഓഹരി വിപണികൾക്ക് വൻ തിരിച്ചടിയായി. വെടിനിർത്തൽ കൊണ്ട് പ്രയോജനമുണ്ടാകുമെന്ന് തോന്നുന്നില്ലെന്നും ക്ഷമ നശിക്കുകയാണെന്നും ഇറാനിയൻ നേതാക്കൾ നിരുപാധികം കീഴടങ്ങുന്നതാണ് നല്ലതെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാന്റെ ആണവ കേന്ദ്രങ്ങളെ യുഎസ് ആക്രമിച്ചേക്കുമെന്നും സൂചനകളുണ്ട്. യുഎസ് സൈന്യത്തിന്റെ യുദ്ധവിമാനങ്ങൾ മധ്യേഷ്യയിലേക്ക് പറന്നുവെന്നാണ് റിപ്പോർട്ടുകൾ.രാജ്യാന്തര ക്രൂഡ് ഓയിൽ ഉൽപാദന, വിതരണരംഗത്തെ നിർണായക കേന്ദ്രമായ മധ്യേഷ്യ യുദ്ധകലുഷിതമാകുന്നതും ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ യുഎസും ആക്രമണത്തിൽ പങ്കുചേരുന്നതും ആഗോളതലത്തിൽ വാണിജ്യ, വ്യാപാര മേഖലകളെ ആശങ്കയിലാഴ്ത്തും. നിക്ഷേപകരുടെ ആത്മവിശ്വാസം കുറയും. ഇതിന്റെ തിരിച്ചടി ഓഹരി വിപണികളിലാണ് കൂടുതൽ പ്രതിഫലിക്കുക. സംഘർഷം അകലുന്നതുവരെ നിക്ഷേപകർ നിക്ഷേപം സുരക്ഷിതമാക്കാനായി വിറ്റൊഴിയൽ സമ്മർദം ശക്തമാക്കും. ഇതാണ് ഓഹരി വിപണികളെ തളർത്തുന്നത്.യുഎസ് ഓഹരി സൂചികകളായ എസ് ആൻഡ് പി500 0.84%, നാസ്ഡാക് 0.91%, ഡൗ ജോൺസ് 0.70% എന്നിങ്ങനെയും യുഎസ് ഫ്യൂച്ചേഴ്സിൽ ഡൗ ജോൺസ്, എസ് ആൻഡ് പി500, നാസ്ഡാക് 100 എന്നിവ 0.02 ശതമാനം വരെയും താഴ്ന്നു. യുഎസിൽ ഉപഭോക്തൃവിപണിയിൽ മാന്ദ്യമുണ്ടെന്ന് വ്യക്തമാക്കി കഴിഞ്ഞമാസം റീട്ടെയ്ൽ വിൽപന 0.9% താഴ്ന്നതും സൂചികകളെ ഉലച്ചു. പ്രതീക്ഷിച്ചതിനേക്കാൾ കുറവാണ് വളർച്ച. വാഹന വിൽപനയാണ് കൂടുതൽ തളർന്നത്. ഏഷ്യയിൽ ജാപ്പനീസ് നിക്കേയ് 0.57%, ഓസ്ട്രേലിയയുടെ എഎസ്എക്സ് 0.02% എന്നിങ്ങനെ നേട്ടം കുറിച്ചു. ഹോങ്കോങ് 0.89%, ഷാങ്ഹായ് 0.10% എന്നിങ്ങനെ നഷ്ടത്തിലാണ്.∙ ചാഞ്ചാടുകയാണ് ക്രൂഡ് ഓയിൽ വില. ബ്രെന്റ് വില 0.09% നഷ്ടത്തിലും ഡബ്ല്യുടിഐ ക്രൂഡ് 0.03% നേട്ടത്തിലുമാണ്. മധ്യേഷ്യയിലെ പ്രധാന ചരക്കുനീക്ക പാതയായ ഹോർമുസ് കടലിടുക്ക് ബ്ലോക്ക് ചെയ്യാൻ ഇറാൻ ധൈര്യപ്പെടില്ലെന്ന വിലയിരുത്തലാണ് എണ്ണവിലയെ ‘തൽകാലം’ മുന്നേറ്റത്തിൽ നിന്ന് അകറ്റിനിർത്തുന്നത്.
Source link