‘വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും’ ; മോതിരവളയ പ്രയോഗം കൊണ്ട് പ്ലാവ് കായ്ക്കുമോ?

കൊച്ചി: മണ്ണൂത്തിയിൽ നിന്ന് വടക്കൻ പറവൂർ സ്വദേശി ശങ്കരവാര്യർ ഒരു പ്ലാവിൻ തൈ വാങ്ങി. മൂന്നുവർഷം കൊണ്ട് കായ്ക്കുമെന്ന് പറഞ്ഞ പ്ലാവിൽ ഏഴു വർഷം കഴിഞ്ഞിട്ടും ചക്കയാവാതെ വന്നതോടെ നിരാശയായി ഫലം. വെട്ടികളയാമെന്ന തീരുമാനം വരെയെത്തിയെങ്കിലും അവസാന ശ്രമമായി ഒരു പ്രയോഗം നടത്തി. ഒരു മോതിരവളയം പ്രയോഗം. വലിയ പ്രതീക്ഷ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും എല്ലാവരെയും അത്ഭുതപ്പെടുത്തി തൊട്ടടുത്ത വർഷം കാത്തിരിപ്പിന് വിരാമമിട്ട് പ്ലാവ് നിറയെ ചക്ക കായ്ച്ചു. മോതിരവളയത്തിന് താഴെയാണ് കൂടുതലും ചക്ക പിടിച്ചത്. പിന്നീടിങ്ങോട്ട് രണ്ടു വർഷവും പ്ലാവിൽ ചക്ക നിറഞ്ഞതിന്റെ സന്തോഷത്തിലാണ് കുടുംബം.പ്ലാവിൽ ഒരു ഇഞ്ച് വലിപ്പത്തിൽ തൊലി ചെത്തി വളയം തീർക്കുന്ന രീതിയാണ് മോതിരവളയം. വളയമിട്ട് ആദ്യ വർഷം മുതൽ മൂന്നാം വർഷം വരെയും ശങ്കരവാര്യരെയും കുടുംബത്തെയും പ്ലാവ് കായ്ഫലം കൊണ്ട് അതിശയിപ്പിച്ചു. മോതിരവളയത്തിന് താഴെ നൂറിലധികം ചക്കകളാണ് കായ്ച്ചിരിക്കുന്നതെന്നും മുകളിലേക്ക് ചക്ക കുറവാണെന്നും കുറച്ചുകൂടി മുകളിലായി മോതിരവളയം തീർക്കേണ്ടതായിരുന്നുവെന്നും വീട്ടമ്മ മദന വാര്യർ പറയുന്നു. ചക്കകൾക്ക് വളരാനുള്ള സാഹചര്യം ഒരുക്കേണ്ടതിനാൽ കുറച്ചധികം പിഞ്ചുകൾ വെട്ടികളഞ്ഞതായും അവർ കൂട്ടിചേർത്തു.
Source link