ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസെടുക്കാന്‍ കോടതി നിര്‍ദേശം

ആലപ്പുഴ: ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസെടുക്കാന്‍ കോടതി നിര്‍ദേശം. കെ.സി വേണുഗോപാല്‍ എം.പിയുടെ ഹര്‍ജിയിലാണ് ആലപ്പുഴ ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. കെസി വേണുഗോപാല്‍ നല്‍കിയ വക്കീല്‍ നോട്ടീസിന് മറുപടി നല്‍കാത്തതിനാലാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജിക്കാരനായ കെ.സി. വേണുഗോപാല്‍ കോടതിയില്‍ നേരിട്ടെത്തി മൊഴി നല്‍കിയിരുന്നു. ലോകസ്ഭാ തിരഞ്ഞെടുപ്പ് കാലത്ത് അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ഉന്നയിച്ചെന്നായിരുന്നു പരാതി. രാജസ്ഥാനിലെ മുന്‍ മന്ത്രി ഷിഷ് റാം ഓംലയുടെ സഹായത്തോടെ കരിമണല്‍ ഖനനത്തിലൂടെ കെസി വേണുഗോപാല്‍ വന്‍ അഴിമതി നടത്തിയെന്നായിരുന്നു ശോഭയുടെ ആരോപണം. ഇതിന്റെ തെളിവുകള്‍ കൈവശമുണ്ടെന്നും അന്ന് എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന ശോഭ അവകാശപ്പെട്ടു. ഇതിനെതിരെയാണ് കെ.സി മാനനഷ്ടക്കേസുമായി കോടതിയെ സമീപിച്ചത്.
Source link