KERALA

3000 രൂപയുടെ ഫാസ്ടാഗ് ആനുവല്‍ പാസ്, ചെലവ് കുറയും; പുതിയ ടോള്‍ നയം പരിഗണനയില്‍


ഹൈവേ യാത്രകളിലെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനും വാഹന ഉടമകളുടെ ചെലവ് കുറയ്ക്കുന്നതിനും പുതിയ ടോള്‍ നയം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലെന്ന് റിപ്പോര്‍ട്ടുകള്‍. ഫാസ്ടാഗ് വാര്‍ഷിക പാസ് സൗകര്യമടക്കം ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് ടോള്‍ നയം എന്നാണ് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നത്. പ്രതിവര്‍ഷം 3000 രൂപയുടെ ഒറ്റത്തവണ പേയ്മെന്റ് നടത്തിയാല്‍ ദേശീയപാതകളിലും എക്‌സ്പ്രസ് വേകളിലും പരിധിയില്ലാത്ത യാത്ര സാധ്യമാക്കുന്നതാണ് വാര്‍ഷിക പാസ്.ഫാസ് ടാഗുമായി ബന്ധപ്പെട്ട് ഒരു ഇരട്ട പേയ്മെന്റ് സംവിധാനമാണ് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) പരിഗണിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപയോക്താക്കള്‍ക്ക് വാര്‍ഷിക പാസോ ദൂരം അടിസ്ഥാനമാക്കിയുള്ള നിരക്കോ തിരഞ്ഞെടുക്കാനുള്ള അവസരം നല്‍കുന്നതാണ് ഇരട്ട പേയ്‌മെന്റ് സംവിധാനം. 3000 രൂപയുടെ ഒറ്റത്തവണ ഫാസ്ടാഗ് റീചാര്‍ജ് വഴി സ്വകാര്യ വാഹന ഉടമകള്‍ക്ക് ഒരു വര്‍ഷത്തേക്ക് എല്ലാ ദേശീയപാതകളിലും സംസ്ഥാന എക്‌സ്പ്രസ് വേകളിലും അധിക ടോള്‍ ഇല്ലാതെ യാത്ര ചെയ്യാന്‍ അനുവദിക്കുന്നതാണ് വാര്‍ഷിക പാസ് സംവിധാനം. നിലവിലെ ടോള്‍ പ്ലാസ ഫീസ് ഘടനയ്ക്ക് പകരം 100 കിലോമീറ്ററിന് 50 രൂപ എന്ന നിശ്ചിത ടോള്‍ ഏര്‍പ്പെടുത്തുന്നതാകാം ദൂരം അടിസ്ഥാനമാക്കിയുള്ള രണ്ടാമത്തെ സംവിധാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


Source link

Related Articles

Back to top button