സമൂഹവിരുദ്ധര്‍ താവളമാക്കുന്നുവെന്നാരോപണം, കടയടപ്പിക്കാനെത്തി നാട്ടുകാര്‍,തടഞ്ഞ് കടയുടമകള്‍, സംഘര്‍ഷം

കോഴിക്കോട്: കോവൂര്‍-ഇരിങ്ങാടന്‍പള്ളി-പൂളക്കടവ് മിനി ബൈപ്പാസിലെ കടകളില്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെ സംഘര്‍ഷം. നാട്ടുകാര്‍ കടയടപ്പിക്കാനെത്തിയത് കടയുടമകള്‍ തടഞ്ഞതോടെയാണ് സംഘര്‍ഷത്തിന് തുടക്കമായത്.ഭക്ഷണശാലകള്‍ സമൂഹവിരുദ്ധര്‍ താവളമാക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞദിവസങ്ങളില്‍ റെസിഡന്റ്‌സ് ഭാരവാഹികളും നാട്ടുകാരും രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളും ചേര്‍ന്ന് രാത്രി 10-ന് ശേഷം ഭക്ഷണശാലകള്‍ അടപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് വ്യാഴാഴ്ച വൈകീട്ട് ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ രാത്രി 10.30-ന് കടയടയ്ക്കാന്‍ തീരുമാനിച്ചെങ്കിലും കടയുടമകള്‍ ഇത് എതിര്‍ത്തിരുന്നു. തുടര്‍ന്നാണ് 10.45-ഓടെ നാട്ടുകാര്‍ കടയടപ്പിക്കാന്‍ എത്തിയത്. ‘ദ ഡഞ്ച്’ എന്ന കടയില്‍ ആദ്യം കയറി പൂട്ടണമെന്നാവശ്യപ്പെട്ടപ്പോള്‍ കടയുടമകള്‍ എതിര്‍ത്തതോടെ വാക്കേറ്റമുണ്ടാകുകയായിരുന്നു. പിന്നീട് ഇരുസംഘങ്ങളും ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. അഷിന്‍, നിധീഷ്, ശരത്ത്, ഹാഷിം, അബു അമീന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കണ്ണിനും മൂക്കിനുമാണ് ഇരുകൂട്ടര്‍ക്കും പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളേജ്, ചേവായൂര്‍, മാവൂര്‍ സ്റ്റേഷനുകളില്‍നിന്ന് പോലീസെത്തിയാണ് സംഘര്‍ഷം നിയന്ത്രിച്ചത്. കടക്കാരായ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
Source link