വെടിനിർത്തലെന്ന് ട്രംപ്; ഇല്ലെന്ന് ഇറാൻ, കൂപ്പുകുത്തി ക്രൂഡ് ഓയിൽ, സ്വർണവും താഴേക്ക്, കുതിച്ചുകയറാൻ ഓഹരി വിപണി

പശ്ചിമേഷ്യയിൽ രണ്ടാഴ്ചയോളം നീണ്ട ‘സംഘർഷത്തിന്’ വിരാമമാകുന്നെന്ന പ്രതീക്ഷ നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെടിനിർത്തൽ ‘പ്രഖ്യാപിച്ചതോടെ’ ആഗോള ഓഹരി വിപണികളിൽ വൻ ഉണർവ്. ഇന്ത്യയിൽ ഗിഫ്റ്റ് നിഫ്റ്റിയും കുതിച്ചുകയറിയത് നിക്ഷേപകർക്ക് സമ്മാനിക്കുന്നത് വൻ പ്രതീക്ഷ.അതേസമയം, വെടിനിർത്താൻ ഉദ്ദേശ്യമില്ലെന്ന് വ്യക്തമാക്കിയ ഇറാൻ പക്ഷേ, ഇസ്രയേലോ യുഎസോ ആക്രമണം അവസാനിപ്പിച്ചാൽ ഇറാനും സംയമനം പാലിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ആണവ കേന്ദ്രങ്ങളെ ആക്രമിച്ച യുഎസിന് തിരിച്ചടി നൽകാനെന്നോണം ഖത്തറിലെയും ബഗ്ദാദിലെയും യുഎസ് സൈനിക താവളങ്ങൾക്കുനേരെ ഇറാൻ മിസൈലാക്രമണം നടത്തിയത് യുഎസ് സ്ഥിരീകരിച്ചു; ആളപായമില്ല.ഗൾഫ് മേഖലയിൽ നിന്ന് ലോക എണ്ണവിപണിയിലേക്കുള്ള ചരക്കുനീക്കത്തിന്റെ മുഖ്യപാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടയ്ക്കുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. ഇറാനിലെ തന്ത്രപ്രധാന എണ്ണമേഖലയായ ഖർഗ് ദ്വീപിൽനിന്ന് തടസ്സമില്ലാതെ വിതരണം തുടരുന്നതും ക്രൂഡ് ഓയിൽ വിലയുടെ തിരിച്ചിറക്കത്തിന് വഴിവച്ചു. കഴിഞ്ഞദിവസം ബാരലിന് 80 ഡോളറിന് അടുത്തായിരുന്ന ബ്രെന്റ് വില 69.28 ഡോളറിലേക്ക് കൂപ്പുകുത്തി. 75 ഡോളറിന് മുകളിൽ നിന്ന് ഡബ്ല്യുടിഐ ക്രൂഡ് വില 66.28 ഡോളറിലേക്കും ഇടിഞ്ഞു.പശ്ചിമേഷ്യൻ സംഘർഷത്തിൽ യുഎസ് കൂടി ഇടപെട്ട പശ്ചാത്തലത്തിൽ ഇന്നലെ നിഫ്റ്റി 140 പോയിന്റും (-0.56%) സെൻസെക്സ് 511 പോയിന്റും (-0.62%) ഇടിഞ്ഞാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 25,000നും സെൻസെക്സ് 82,000നും താഴെയുമെത്തിയിരുന്നു. ക്രൂഡ് ഓയിൽ വില വൻതോതിൽ ഇടിഞ്ഞത് ഓഹരികൾക്കും രൂപയ്ക്കും ഇന്ന് ആശ്വാസമായേക്കും. രൂപ ഇന്നലെ ഡോളറിനെതിരെ 23 പൈസ ഇടിഞ്ഞ് 5-മാസത്തെ മോശം നിലവാരമായ 86.78ൽ എത്തിയിരുന്നു.
Source link