KERALA

ഭൂകമ്പങ്ങളെല്ലാം യഥാര്‍ഥമാകണമെന്നില്ല; ആണവ പരീക്ഷണങ്ങളുമാകാം, കണ്ടെത്തുന്നത് വെല്ലുവിളിയെന്ന് പഠനം


എല്ലാ ഭൂകമ്പങ്ങളും യഥാര്‍ഥ ഭൂകമ്പങ്ങള്‍ ആകണമെന്നില്ലെന്ന് പുതിയ പഠനം. രഹസ്യ ഭൂഗര്‍ഭ ആണവ പരീക്ഷണങ്ങള്‍ പലപ്പോഴും ഭൂകമ്പങ്ങളായി തെറ്റിദ്ധരിക്കപ്പെട്ടേക്കാം എന്നാണ് ബുള്ളറ്റിന്‍ ഓഫ് ദി സീസ്‌മോളജിക്കല്‍ സൊസൈറ്റി ഓഫ് അമേരിക്കയില്‍ പ്രസിദ്ധീകരിച്ച ലേഖനം ചൂണ്ടിക്കാട്ടുന്നത്. സ്വാഭാവിക ഭൂകമ്പ സംഭവങ്ങളും രഹസ്യ ആണവ സ്‌ഫോടനങ്ങളും തമ്മില്‍ വേര്‍തിരിച്ചറിയുന്നതിലെ വെല്ലുവിളികള്‍ എടുത്തു കാണിക്കുന്നതാണ് ലേഖനം. യു.എസ്സിലെ ലോസ് അലാമോസ് നാഷണല്‍ ലബോറട്ടറിയിലെ ശാസ്ത്രജ്ഞരാണ് ജോഷ്വാ കാര്‍മൈക്കിളിന്റെ നേതൃത്വത്തില്‍ അടുത്തിടെ ഇതുസംബന്ധിച്ച പഠനം നടത്തിയത്. ഭൂഗര്‍ഭ ആണവ പരീക്ഷണങ്ങള്‍ക്ക് സ്വാഭാവിക ഭൂകമ്പങ്ങളുടേതിന് സമാനമായ ഭൂകമ്പ തരംഗങ്ങള്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നും അവ കണ്ടെത്തുന്നത് പ്രയാസകരമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും ഭൂകമ്പ നിരീക്ഷണ സാങ്കേതികവിദ്യകളിലെ പുരോഗതി, ഇവ രണ്ടും തമ്മില്‍ വേര്‍തിരിച്ചറിയാനുള്ള കഴിവ് മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.സ്‌ഫോടനത്തിന്റെയും ഭൂകമ്പത്തിന്റെയും ഓവര്‍ലാപ്പ് ചെയ്യുന്ന തരംഗരൂപങ്ങള്‍, സ്‌ഫോടനത്തെ തിരിച്ചറിയാനുള്ള നമ്മുടെ കൈവശമുള്ള ഏറ്റവും സെന്‍സിറ്റീവായ ഡിജിറ്റല്‍ സിഗ്‌നല്‍ ഡിറ്റക്ടറുകളുടെ കഴിവിനെ പോലും അവ്യക്തമാക്കുന്നു എന്നാണ് കാര്‍മൈക്കിള്‍ ചൂണ്ടിക്കാട്ടുന്നത്. സ്വാഭാവിക ഭൂകമ്പമെന്ന് തെറ്റിദ്ധരിപ്പിച്ച് സ്‌ഫോടനങ്ങളെ മറയ്ക്കാനുള്ള സാധ്യത ലോകമെമ്പാടും ആണവ പരീക്ഷണങ്ങള്‍ നിരീക്ഷിക്കുന്നതിന് ചുമതലയുള്ള ശാസ്ത്രജ്ഞര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ആറ് ആണവ പരീക്ഷണങ്ങള്‍ നടത്തിയെന്നു കരുതുന്ന ഉത്തര കൊറിയയിലെ സ്ഥിതിവിശേഷം ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഉത്തരകൊറിയയിലെ പ്രാദേശിക ഭൂകമ്പ നിരീക്ഷണ ഉപകരണങ്ങളുടെ വര്‍ദ്ധന കാണിക്കുന്നത് പരീക്ഷണ സ്ഥലങ്ങളുടെ സമീപത്ത് വളരെയധികം ചെറിയ തീവ്രതയിലുള്ള ഭൂകമ്പങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നാണെന്ന് കാര്‍മൈക്കിള്‍ ചൂണ്ടിക്കാട്ടുന്നു.


Source link

Related Articles

Back to top button