KERALA

സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി; ‘വീട്ടില്‍ കയറി വകവരുത്തും, കാര്‍ ബോംബുവെച്ച് തകര്‍ക്കും’, അന്വേഷണം


മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. വീട്ടില്‍ കടന്നുകയറി താരത്തെ വധിക്കുമെന്നും അദ്ദേഹത്തിന്റെ കാര്‍ ബംബുവെച്ച് തകര്‍ക്കുമെന്നുമാണ് ഭീഷണി സന്ദേശത്തിലുള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. വൊര്‍ളി പോലീസ് സ്‌റ്റേഷനില്‍ അജ്ഞാത വ്യക്തിക്കെതിരെ കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മുംബൈ ഗതാഗത വകുപ്പിന്റെ വൊര്‍ളി ഓഫീസില്‍ വാട്‌സാപ്പ് മെസേജായാണ് ഭീഷണി സന്ദേശം എത്തിയത്. സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ചും ആധികാരികത സംബന്ധിച്ചുമാണ് ആദ്യഘട്ടത്തില്‍ അന്വേഷണം നടത്തുന്നത്.അടുത്ത സുഹൃത്തും മുന്‍ മഹാരാഷ്ട്രാ മന്ത്രിയുമായ ബാബാ സിദ്ദീഖിയുടെ കൊലപാതകത്തിനുശേഷം സല്‍മാന്‍ ഖാന് നിരവധി വധഭീഷണികള്‍ വന്നിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. മുംബൈയിലെ അദ്ദേഹത്തിന്റെ വീടായ ഗാലക്സി അപാര്‍ട്മെന്റിലെ ബാല്‍ക്കണിയില്‍ പുതിയ ബുള്ളറ്റ് പ്രൂഫ് ഗ്ലാസും വൈദ്യുതിവേലിയും അടുത്തിടെ സ്ഥാപിച്ചിരുന്നു. വൈ-പ്ലസ് സെക്യൂരിറ്റിയുള്ള താരത്തിന് പോലീസ് എസ്‌കോര്‍ട്ടും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാവിധത്തിലുമുള്ള ആയുധങ്ങളും കൈകാര്യം ചെയ്യാന്‍ അറിയാവുന്ന ഒരു കോണ്‍സ്റ്റബിളിന്റെ സേവനവും അദ്ദേഹത്തിന് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പനവേലിലുള്ള സല്‍മാന്റെ ഫാം ഹൗസിലും സെക്യൂരിറ്റികളുടെ ഒരു നീണ്ടനിരയുണ്ട്. അതിനിടെയാണ് വീണ്ടും വധഭീഷണി സന്ദേശം.


Source link

Related Articles

Back to top button