സാമ്പത്തിക വർഷം തീരാൻ രണ്ടാഴ്ച മാത്രം; പദ്ധതികൾ പാതിവഴിയിൽ

തിരുവനന്തപുരം ∙ സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി രണ്ടാഴ്ച മാത്രം ബാക്കിയുള്ളപ്പോൾ സംസ്ഥാന സർക്കാർ പദ്ധതിയിനത്തിൽ ചെലവിട്ടതു പകുതി മാത്രം. സാമ്പത്തിക പ്രതിസന്ധി കാരണം വകുപ്പുകൾ വൻതോതിൽ പദ്ധതികൾ വെട്ടിക്കുറച്ചതാണു പദ്ധതിച്ചെലവു കുത്തനെ ഇടിയാൻ കാരണം. എന്നാൽ, സർക്കാരിന്റെ ചെലവിനാകട്ടെ ഒരു കുറവുമില്ല. കഴിഞ്ഞ വർഷം പാസാക്കാൻ കഴിയാത്ത ബില്ലുകൾ ഇൗ വർഷത്തേക്കു മാറ്റിയതിനാൽ പദ്ധതിച്ചെലവു താഴ്ന്നു നിൽക്കുമ്പോഴും ട്രഷറിയിൽ നിന്നുള്ള പണച്ചെലവ് ഉയരുകയാണ്. ഇൗ മാസം മാത്രം 25,000 കോടി രൂപയുടെയെങ്കിലും ബില്ലുകൾ പാസാക്കി പണം നൽകേണ്ടതുണ്ട്.38,886 കോടിയാണ് ഇൗ വർഷത്തെ പദ്ധതി വിഹിതം. ഇതിൽ 52% തുകയേ ഇതുവരെ ചെലവിടാൻ കഴിഞ്ഞിട്ടുള്ളൂ. 21,838 കോടിയുടെ സംസ്ഥാന പദ്ധതികളിൽ 54% മാത്രമാണു പുരോഗതി. തദ്ദേശ പദ്ധതികൾ 45 ശതമാനവും കേന്ദ്രാവിഷ്കൃത പദ്ധതികൾ 57 ശതമാനവും മാത്രമേ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുള്ളൂ. അധിക കടമെടുപ്പിനു കേന്ദ്രം ഇതുവരെ അനുമതി നൽകിയിട്ടില്ലാത്തതിനാൽ കടുത്ത പ്രതിസന്ധിയിലാണു സർക്കാർ. ട്രഷറി കാലിയായതോടെ റിസർവ് ബാങ്കിൽനിന്ന് വെയ്സ് ആൻഡ് മീൻസ് അഡ്വാൻസും ഓവർ ഡ്രാഫ്റ്റും എടുത്താണു കഴിഞ്ഞയാഴ്ചത്തെ ചെലവുകൾക്കു പണം കണ്ടെത്തിയത്.
Source link