ലീല ഹോട്ടൽസിന് നിറംമങ്ങിയ ലിസ്റ്റിങ്; നിക്ഷേപകർക്ക് മിനിമം നഷ്ടം 986 രൂപ, വില മെല്ലെ മേലോട്ട്

കനേഡിയൻ ധനകാര്യ സ്ഥാപനമായ ബ്രൂക്ക്ഫീൽഡ് അസറ്റ് മാനേജ്മെന്റിന് കീഴിലെ ഷ്ളോസ് ബാംഗ്ലൂരിന്റെ ഉടമസ്ഥതയിലുള്ള ആഡംബര ഹോട്ടൽ ബ്രാൻഡായ ലീല ഹോട്ടൽസിന് (Leela Hotels) ഓഹരി വിപണിയിലെ കന്നിവ്യാപാര ദിനത്തിൽ (Listing) നനഞ്ഞ തുടക്കം. ഐപിഒയിലെ (IPO) വിലയേക്കാൾ 6 ശതമാനത്തിലധികം ഇടിഞ്ഞാണ് എൻഎസ്ഇയിലും ബിഎസ്ഇയിലും ഷ്ളോസ് ബാംഗ്ലൂർ ലിമിറ്റഡ് (Schloss Bangalore Limited) അഥവാ ലീല ഹോട്ടൽസ് (THELEELA) ഓഹരി ലിസ്റ്റ് ചെയ്തത്. 435 രൂപയായിരുന്നു കഴിഞ്ഞവാരം സമാപിച്ച ഐപിഒയിൽ വില. എൻഎസ്ഇയിൽ ഇന്ന് ലിസ്റ്റ് ചെയ്തതാകട്ടെ 6.67% ഇടിഞ്ഞ് 406 രൂപയിൽ. ബിഎസ്ഇയിൽ 6.55% നഷ്ടത്തോടെ 406.50 രൂപയിലും. അതായത്, ഐപിഒയിൽ മിനിമം ലോട്ട് സ്വന്തമാക്കിയ നിക്ഷേപകർക്ക് ലിസ്റ്റിങ്ങിലുണ്ടായ നഷ്ടം 986 രൂപ. 34 ഓഹരികളായിരുന്നു മിനിമം ലോട്ട്. ഇഷ്യൂവിലയായ 435 രൂപ പ്രകാരം മിനിമം നിക്ഷേപം 14,790 രൂപയും. എന്നാൽ, ഇന്നത്തെ ലിസ്റ്റിങ് വിലയായ 406 രൂപ പരിഗണിച്ചാൽ നിക്ഷേപമൂല്യം 13,804 രൂപയായാണ് കുറഞ്ഞത്.മലയാളിയായ ക്യാപ്റ്റൻ കൃഷ്ണൻ നായർ 1986ൽ സ്ഥാപിച്ച ഹോട്ടൽ ശൃംഖലയാണ് ലീല. ഹോട്ടൽ ലീല വെഞ്ച്വേഴ്സിൽ നിന്ന് 2019 ഒക്ടോബറിലാണ് 3,950 കോടി രൂപയ്ക്ക് ലീല ഹോട്ടൽസിനെ ബ്രൂക്ക്ഫീൽഡ് ഏറ്റെടുത്തത്. ഐപിഒയിലൂടെ ലീല ഹോട്ടൽസ് സമാഹരിച്ചത് 3,500 കോടി രൂപയായിരുന്നു. ഇതിൽ 2,500 കോടി രൂപ പുതിയ ഓഹരികളും (Fresh Issue) 1,000 കോടി രൂപ ഓഫർ-ഫോർ-സെയിലും (OFS) ആയിരുന്നു. നിലവിലെ ഓഹരി ഉടമകൾ നിശ്ചിത ഓഹരികൾ വിറ്റഴിക്കുന്നതാണ് ഒഎഫ്എസ്.
Source link