സുപ്രീംകോടതിയുടേത് ചീഫ് ജസ്റ്റിസ് കേന്ദ്രീകൃത സംവിധാനം; അതിനു മാറ്റമുണ്ടാകണം – ജസ്റ്റിസ് എ.എസ്.ഓക

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ പ്രവര്‍ത്തന രീതിയില്‍ മാറ്റമുണ്ടാകണമെന്ന് അഭിപ്രായപ്പെട്ട് ജസ്റ്റിസ് എ.എസ്. ഓക. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ദിനത്തില്‍ സഹപ്രവര്‍ത്തകര്‍ നല്‍കിയ യാത്രയയപ്പ് സമ്മേളനത്തിലാണ് മാറ്റമുണ്ടാകേണ്ടതിന്റെ ആവശ്യകത ജസ്റ്റിസ് ഓക ചൂണ്ടിക്കാട്ടിയത്. സുപ്രീം കോടതിയുടെ പ്രവര്‍ത്തനമെന്നത് ചീഫ് ജസ്റ്റിസിനെ കേന്ദ്രീകരിച്ചാണ്. അതേസമയം രാജ്യത്തെ ഹൈക്കോടതികളുടെ പ്രവര്‍ത്തനം കൂടുതല്‍ ജനാധിപത്യപരമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിയുടെ ഈ പ്രവര്‍ത്തന രീതിയില്‍ മാറ്റമുണ്ടാകണമെന്നും പുതിയ ചീഫ് ജസ്റ്റിസിന്റെ സമയത്ത് തന്നെ അതില്‍ മാറ്റമുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്നയുടെ കാലത്ത് സുപ്രീംകോടതിയുടെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. സുപ്രീംകോടതിയിലെ എല്ലാ ജഡ്ജിമാരെയും വിശ്വാസത്തിലെടുത്തതിന് ശേഷമാണ് അദ്ദേഹം തീരുമാനങ്ങളെടുക്കാറുള്ളത്. ജനാധിപത്യ മൂല്യങ്ങള്‍ രക്തത്തിലലിഞ്ഞുചേര്‍ന്ന ആളാണ് നിലവിലെ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Source link