INDIA

‘സെപ്‌റ്റോ’ യുടെ 10 കോടി ഡോളറിന്റെ ഓഹരികൾ വാങ്ങി മോട്ടിലാൽ ഓസ്വാള്‍ സ്ഥാപകർ


ഓഹരി വിപണിയിലേയ്ക്ക് കടക്കാൻ ഒരുങ്ങുന്ന, പലവ്യഞ്ജനങ്ങൾ ഓൺലൈനിലൂടെ എത്തിക്കുന്ന സ്റ്റാർട്ടപ്പായ ‘സെപ്‌റ്റോ’ യുടെ 10 കോടി ഡോളറിന്റെ അൺലിസ്റ്റഡ് ഓഹരികളിൽ മോട്ടിലാൽ ഓസ്വാളിന്റെ സ്ഥാപകർ  നിക്ഷേപം നടത്തി. ഓഹരി ബ്രോക്കിങ് രംഗത്തെ പ്രമുഖ സ്ഥാപനമായ മോട്ടിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസിന്റെ സ്ഥാപകരായ മോട്ടിലാൽ ഓസ്വാളും രാംദേവ് അഗർവാളും അഞ്ച് കോടി ഡോളർ വീതം നിക്ഷേപം നടത്തിയത് അണ്‍ലിസ്റ്റഡ് കമ്പനിയായ സെപ്റ്റോയുടെ മൂല്യമുയർത്തുമെന്ന് ഓഹരിവിദഗ്ധർ പറയുന്നു. 2021ലാണ് ആദിത് പാലിച്ചയും കൈവല്യ വോറയും ചേർന്ന് ക്വിക് കൊമേഴ്സ് സ്റ്റാർട്ടപ്പായ സെപ്റ്റോ സ്ഥാപിച്ചത്. 2023ൽ കമ്പനി ആദ്യത്തെ യൂണികോൺ സ്റ്റാർട്ടാപ്പായി മാറിയിരുന്നു.ഒരു വർഷത്തിനകം സെപ്റ്റോ ഐപിഒ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ്. മികച്ച അവസരങ്ങളുള്ള മേഖലയാണ് ക്വിക് കൊമേഴ്സ് എങ്കിലും ഓഹരിയിലേയ്ക്ക് നേരത്തെ കടന്നു വന്ന സൊമാറ്റോയും സ്വിഗ്ഗിയും ഇപ്പോഴും ആശാവഹമായ നിലയിലേക്കെത്തിയിട്ടില്ല.  തന്നെയുമല്ല, ടാറ്റ, റിലയൻസ് ജിയോ എന്നീ വമ്പന്മാർക്ക് പുറമേ വാൾമാർട്ടും ഇന്ത്യൻ വിപണിയിലേയ്ക്ക് കണ്ണും നട്ടിരിക്കുകയാണ്. അതായത് ഈ രംഗത്ത് മൽസരം കടുക്കുമെന്ന് സാരം. അതിനിടയിൽ സെപ്റ്റോയിലേയ്കക്കെത്തിയ ഈ നിക്ഷേപം പ്രൊമോർട്ടർമാർക്ക് പ്രതീക്ഷയേകുന്നു. 10 മിനിറ്റിൽ ഓർഡറുകളെത്തിച്ച് സെപ്റ്റോ കൊച്ചുകുട്ടികളുടെ വരെ പ്രിയങ്കരമായ ബ്രാൻഡായി മാറിയിട്ടുണ്ട്.


Source link

Related Articles

Back to top button