സേഫ്-ഹാവൻ ഡിമാൻഡ്! സ്വർണം ചരിത്രത്തിലാദ്യമായി 3,000 ഡോളറിൽ; കേരളത്തിൽ വില ഇനിയും പറക്കും

ചരിത്രത്തിലാദ്യമായി രാജ്യാന്തര സ്വർണവില ഔൺസിന് 3,000 ഡോളർ ഭേദിച്ചു. ഇന്നു ഇന്ത്യൻ സമയം ഉച്ചയ്ക്കുശേഷമാണ് വില 3,004.34 ഡോളർ വരെ എത്തിയത്. ഇന്നലെ കുറിച്ച 2,990.47 ഡോളർ എന്ന റെക്കോർഡ് ഇന്നു തകർന്നു. പല രാജ്യങ്ങളിൽ നിന്നുമുള്ള ഉൽപന്നങ്ങൾക്കുമേൽ കനത്ത ഇറക്കുമതി തീരുവ ഏർപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടിയെ ആ രാജ്യങ്ങൾ അതേ നാണയത്തിൽ തിരിച്ചടിച്ചതോടെ, ആഗോള വ്യാപാരയുദ്ധം കലുഷിതമായതാണ് സ്വർണവിലയുടെ കുതിപ്പിന് പിന്നിൽ.ട്രംപ് തുടക്കമിട്ട വ്യാപാരയുദ്ധം മൂലം രാജ്യങ്ങൾക്കിടയിലെ വ്യാപാര, നയതന്ത്ര ബന്ധങ്ങൾ മോശമായത് ഓഹരി വിപണികളെ തളർത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ, സേഫ്-ഹാവൻ അഥവാ പ്രതിസന്ധിക്കാലത്തെ സുരക്ഷിത നിക്ഷേപം എന്ന പെരുമ കിട്ടുന്നതാണ് സ്വർണവിലയെ ഉയർത്തുന്നത്. ഓഹരികളെ കൈവിട്ട് ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപ പദ്ധതികളിലേക്ക് തിരിഞ്ഞിരിക്കുകയാണ് നിക്ഷേപകർ. ലോകത്തെ ഏറ്റവും വലിയ ഗോൾഡ് ഇടിഎഫ് ആയ എസ്പിഡിആർ ഗോൾഡ് ട്രസ്റ്റിലെ സ്വർണനിക്ഷേപം 905.81 മെട്രിക് ടൺ ആയിട്ടുണ്ട്. 2023 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും ഉയരമാണിത്.
Source link