ആഷിഖ് അബു പറയുന്നു: ആ ബോർഡാണ് ‘റൈഫിൾ ക്ലബ്’ സിനിമ തന്നത്; ടൊവിനോയ്ക്ക് ഇപ്പോഴും പണം കൊടുക്കാനുണ്ട്; അഭിനയം ഞാൻ ആസ്വദിക്കുന്നില്ല’

സോൾട്ട് ആൻഡ് പെപ്പർ എന്ന ചെറു സിനിമ കഴിഞ്ഞ ദശകത്തിന്റെ തുടക്കത്തിൽ മലയാള ചലച്ചിത്ര വ്യവസായത്തിലുണ്ടാക്കിയ ചലനം ചെറുതായിരുന്നില്ല. അതിനു ശേഷം ആഷിഖ് അബു ചെയ്ത സിനിമകളെല്ലാം ഏതെങ്കിലും തരത്തിൽ പരീക്ഷണസ്വഭാവം പുലർത്തുന്നവയായിരുന്നു. ആ സിനിമകൾക്കൊപ്പം, രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ആഷിഖ് എടുത്ത നിലപാടുകളും പലപ്പോഴും വലിയ ചർച്ചയായി. ആ നിലപാടുപ്രഖ്യാപനങ്ങളെ എതിർത്തും അനുകൂലിച്ചും വാദങ്ങളുണ്ടായി. ‘‘നിർണായക രാഷ്ട്രീയ ഘട്ടങ്ങളിൽ നിലപാടെടുക്കേണ്ടി വന്നപ്പോൾ, അതു തുറന്നു പറയാൻ കഴിഞ്ഞതിൽ എനിക്കു സംതൃപ്തിയുണ്ട്. ഇല്ലെങ്കിൽ വലിയ കുറ്റബോധമുണ്ടായേനെ. അത് ആർക്കെങ്കിലും ഇഷ്ടപ്പെടുമോ ഇല്ലയോ എന്ന് നമുക്കു പറയാൻ പറ്റില്ല. അപ്പോൾ എതിർപ്പു സ്വാഭാവികമാണ്. അതിൽ എനിക്കു പരാതിയുമില്ല.’’ എന്നാണ് അത്തരം വിവാദങ്ങൾക്ക് ആഷിഖിന്റെ മറുപടി. തന്റെ സിനിമകളെപ്പറ്റിയും രാഷ്ട്രീയ ബോധ്യങ്ങളെപ്പറ്റിയും സംസാരിക്കുകയാണ് ആഷിഖ് അബു ഈ സംഭാഷണത്തിൽ.
ഓരോ സിനിമ കഴിയുന്തോറും ഈ മീഡിയത്തോടുള്ള കൗതുകം കൂടിവരുന്നതായാണ് തനിക്ക് അനുഭവപ്പെട്ടിട്ടുള്ളതെന്നു പറയുന്നു ആഷിഖ്. ഫിലിംമേക്കർ എന്ന നിലയിൽ, ഓരോ സിനിമയും കൂടുതൽ ആസ്വദിച്ചു ചെയ്യാൻ കഴിയുന്നുണ്ട്. സിനിമയൊരു കലക്ടീവ് ആർട്ടാണ്. അത് എന്നെ മാത്രമായി കാണിച്ചു തരില്ല. സംവിധായകൻ എന്ന നിലയിൽ ഞാനും അതിൽ കാണുമെങ്കിലും ഒരു സമ്പൂർണ കല എന്ന നിലയിൽ ഒരുപാട് ആളുകളുടേതാണ് സിനിമ; സംവിധായകന്റെ കല എന്നു പറയുമ്പോഴും. ഓരോ സിനിമയും നമ്മുടെ വ്യക്തിത്വത്തെ, രാഷ്ട്രീയ നിലപാടുകളെയൊക്കെ പ്രതിഫലിപ്പിക്കും. മനപ്പൂർവമല്ലെങ്കിൽ പോലും അതുണ്ടാവും. പ്രേക്ഷകർക്ക് അങ്ങനെ നമ്മളെ തിരിച്ചറിയാനുമാവും. എന്റെ പല സിനിമകളിലും എന്റെ അംശങ്ങളുണ്ടാവും. എന്റെ വിലയിരുത്തൽ എത്രത്തോളം ശരിയാണെന്നറിയില്ല, എന്നാലും എന്നെ പൂർണമായും അടയാളപ്പെടുത്തുന്ന ഒരു സിനിമ എന്നതുണ്ടാവില്ലെന്നു തോന്നുന്നു– ആഷിഖ് തുടരുന്നു.
Source link