ഫിഡെ വിലക്കിയ മാഗ്നസ് കാള്‍സന്റെ ‘വിവാദ ജീന്‍സ്’ ലേലത്തില്‍ പോയത് 31 ലക്ഷം രൂപയ്ക്ക്

മുന്‍ ലോക ചെസ് ചാമ്പ്യന്‍ നോര്‍വെയുടെ മാഗ്നസ് കാള്‍സന്റെ വിവാദ ‘ജീന്‍സ്’ ലേലത്തില്‍ പോയത് 31 ലക്ഷത്തോളം രൂപയ്ക്ക്. ഇക്കഴിഞ്ഞ ഡിസംബറില്‍ ന്യൂയോര്‍ക്കില്‍ നടന്ന ലോക റാപിഡ് ആന്‍ഡ് ബ്ലിറ്റ്‌സ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍നിന്ന് വസ്ത്രധാരണച്ചട്ടം ലംഘിച്ചതിന് കാള്‍സനെ പുറത്താക്കാന്‍ കാരണമായ ജീന്‍സാണിത്. ഇ-ബേയിലൂടെ കാള്‍സന്‍ തന്നെയാണ് ജീന്‍സ് ലേലത്തില്‍വെച്ചത്. 22 പേരോളം ലേലത്തില്‍ പങ്കെടുത്തു.ഇറ്റാലിയന്‍ ആഡംബര ബ്രാന്‍ഡായ കോര്‍ണേലിയാനിയുടെ റെഗുലര്‍ ഫിറ്റ് ജീന്‍സാണിത്. വിപണിയില്‍ 25,000 മുതല്‍ 50,000 വരെയാണ് ഇതിന്റെ വില. മത്സരത്തിനു ശേഷം അലക്കുകപോലും ചെയ്യാതിരുന്ന ജീന്‍സ് ഫെബ്രുവരിയിലാണ് ഇ-ബേയില്‍ ലേലത്തിനുവെച്ചത്. ലേലത്തിലൂടെ ലഭിക്കുന്ന തുക കുട്ടികള്‍ക്കായുള്ള ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ‘ബിഗ് ബ്രദേഴ്‌സ്, ബിഗ് സിസ്റ്റേഴ്‌സ്’ എന്ന സംഘടനയ്ക്ക് നല്‍കുമെന്ന് കാള്‍സന്‍ അറിയിച്ചു. താരത്തിന്റെ ഈ പ്രവൃത്തിക്ക് സംഘടനയുടെ സി.ഇ.ഒ ആര്‍ട്ടിസ് സ്റ്റീവന്‍സ് നന്ദി പറയുകയും ചെയ്തു. ലേലം അവസാനിക്കുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പുവരെ 12.3 ലക്ഷം രൂപവരെയായിരുന്ന ലേലത്തുക. അവസാന മണിക്കൂറികളില്‍ വാശിയേറിയ ലേലത്തെ തുടര്‍ന്ന് വില കുതിച്ചുയരുകയായിരുന്നു.
Source link