‘സ്വർഗത്തിൽ പോയി യേശുവിനെ കാണണം, മകൾ പറയുന്നിടത്ത് സംസ്കരിക്കണം’: ലോറൻസിന്റെ വിഡിയോയുമായി പെൺമക്കൾ

കൊച്ചി ∙ സുപ്രീം കോടതി വരെയെത്തിയ നിയമയുദ്ധത്തിനൊടുവിലും അവസാനമില്ലാതെ എം.എം.ലോറൻസിന്റെ സംസ്കാര വിവാദം. അന്തരിച്ച മുതിർന്ന സിപിഎം നേതാവിന്റേത് എന്ന് അവകാശപ്പെട്ട് അദ്ദേഹത്തിന്റെ പെൺമക്കൾ പുറത്തുവിട്ട വിഡിയോ ആണു പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. തനിക്ക് സ്വർഗത്തിൽ പോയി യേശുവിനെ കാണണമെന്നും മകൾ പറയുന്നിടത്ത് സംസ്കരിക്കണമെന്നുമാണ് വിഡിയോയിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ പിതാവിനെ ക്രൈസ്തവ മതാചാര പ്രകാരം സംസ്കരിക്കാൻ അനുവദിക്കുണമെന്ന് ആവശ്യപ്പെട്ട് പെൺമക്കൾ ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജിയും നൽകി.2022 ഫെബ്രുവരി 25ന് ചിത്രീകരിച്ച വിഡിയോയാണ് ഇതെന്നാണ് പെൺമക്കളായ സുജാതാ ബോബൻ, ആശ ലോറൻസ് എന്നിവർ അവകാശപ്പെട്ടത്. എന്നാൽ വിഡിയോ ദൃശ്യങ്ങളിൽ ലോറൻസിന്റെ മുഖം കാണിക്കുന്നില്ല. ‘‘സ്വർഗത്തില്‍ പോകണം, യേശുവിനെ കാണണം. സുജ പറയുന്നിടത്ത് തന്നെ അടക്കം ചെയ്യണം. അതിനു മാറ്റം വരുത്താൻ പാടില്ല. അത് എനിക്ക് നിർബന്ധമാണ്.’’ – എന്നാണ് വിഡിയോയിൽ കേൾക്കുന്നത്.
Source link