സ്വർണവും കടപ്പത്രവും വഴി ഓഹരി ഇടിവിനെ മറികടക്കാനൊരു മാർഗമിതാ

ഈ സാമ്പത്തിക വർഷത്തെ ആദ്യ പാദങ്ങളിലെ നേട്ടങ്ങളെല്ലാം ഇല്ലാതാക്കുന്നതായിരുന്നു വിപണിയിലെ തിരുത്തൽ. കഴിഞ്ഞ അഞ്ചു മാസത്തിനിടെ സൂചികകൾ 16-25%വരെ ഇടിഞ്ഞിരുന്നു. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വിൽപന മുതൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ താരീഫ് നയങ്ങൾവരെ ഇടിവിനു കാരണമായി. അതായത് കഴിഞ്ഞ ഒരു വർഷമായി നിഫ്റ്റിക്കു കാര്യമായ നേട്ടമില്ല.അതേസമയം, ഒരു വർഷത്തിനിടെ ഗിൽറ്റുകൾ (CRISIL10-year Gilt Index) 8.9% റിട്ടേൺ നൽകി. സ്വർണവിലയിൽ 31% വർധനവുണ്ടായി. ഓഹരിയുമായി താരതമ്യം ചെയ്യുമ്പോൾ ഈ ആസ്തികൾ വിപരീത ദിശയിലാണു നീങ്ങുന്നതെന്നു മനസ്സിലാക്കാം. അതുകൊണ്ടു ദീർഘകാലാടി സ്ഥാനത്തിൽ റിസ്ക് കുറച്ച്, പരമാവധി നേട്ടമുണ്ടാക്കാൻ നിക്ഷേപകർ പോർട്ട്ഫോളിയോയിൽ ഈ ആസ്തികളും ഉൾപ്പെടുത്തുക എന്നതു പ്രധാനമാണ്.നേട്ടമുണ്ടാക്കുന്ന ആസ്തികൾ സാഹചര്യങ്ങൾക്കനുസരിച്ചു മാറും. അതനുസരിച്ച് ഓരോ ആസ്തിയിലും നിക്ഷേപിക്കുന്നതും പുറത്തുകടക്കുന്നതും വളരെ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് അസ്ഥിരമായ വിപണിസാഹചര്യത്തില്‍. ദീർഘകാലത്തിൽ വലിയ നേട്ടം ലഭിക്കാൻ ഓഹരി നിക്ഷേപം അനിവാര്യമാണ്. ഏതൊരു പോർട്ട്‌ഫോളിയോയിലും മികച്ച വളർച്ച ഉറപ്പാക്കുന്നതും ഓഹരിതന്നെ. ഇതിനിടയിൽ തിരുത്തലുകളുണ്ടാകാം. കോവിഡ്‌കാലം ഒരു ഉദാഹരണം. ശേഷം വിപണി തിരിച്ചുവരുകയും ചെയ്യും. അതേസമയം ഡെറ്റ് അല്ലെങ്കിൽ ഫിക്സഡ് ഇൻകം നിക്ഷേപങ്ങൾ കുറഞ്ഞ റിസ്കിൽ സ്ഥിരമായ നേട്ടം ഉറപ്പാക്കി പോർട്ട്ഫോളിയോയ്ക്കു സ്ഥിരത നൽകുന്നു. ഉദാഹരണത്തിന് 2015-2025ലെ CRISIL കോമ്പോസിറ്റ് ബോണ്ട് സൂചികയുടെ 5 വർഷത്തെ റോളിങ് റിട്ടേണുകൾ 8.2% ആണ്. പണപ്പെരുപ്പത്തിനെതിരെ സംരക്ഷണം നൽകാനുള്ള മാർഗമാണ് സ്വർണം. ചില സാഹചര്യങ്ങളിൽ ശക്തമായ നേട്ടം നൽകാന്‍ സ്വർണത്തിനും കഴിയും. സാമ്പത്തിക സാഹചര്യം ദുർബലമോ വെല്ലുവിളി നിറഞ്ഞതോ ആകുമ്പോൾ സ്വര്‍ണം സടകുടഞ്ഞെണീക്കും. കൂടാതെ, ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തകർച്ചയെ സ്വർണം ചെറുക്കും. സ്വർണത്തിനും അതിന്‍റേതായ സ്ഥിരത ആർജിക്കലും (1998-2005, 2012-2019) വലിയ വളർച്ചയും (2005-2012,2019-2025) ഓരോ കാലഘട്ടത്തിലും ഉണ്ടാകുന്നുണ്ട്. അതുപോലെ REIT (റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ്) വഴി റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കുന്നതിലൂടെ ഡെറ്റ് നിക്ഷേപങ്ങൾക്കു സമാനമായ ആദായം നേടാം.
Source link