‘സർക്കാർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭൂമിയുള്ളത് സഭയ്ക്ക്’: വിവാദ പരാമർശം പിൻവലിച്ച് ആർഎസ്എസ് മുഖപത്രം

കോട്ടയം∙ കത്തോലിക്കാ സഭയ്ക്ക് എതിരായ ലേഖനം വെബ്സൈറ്റിൽനിന്ന് പിൻവലിച്ച് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ. സർക്കാർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭൂമിയുള്ളത് സഭയ്ക്കാണെന്നും വഖഫ് ബോർഡിനേക്കാൾ ഭൂസ്വത്ത് സഭയ്ക്ക് ഉണ്ടെന്നുമായിരുന്നു ഓർഗനൈസറിന്റെ വിവാദമായ പരാമർശം. 7 കോടി ഹെക്ടർ ഭൂമിയാണ് സഭയ്ക്ക് ഉള്ളതെന്നും 20,000 കോടിയാണ് സഭയുടെ ആസ്തിമൂല്യമെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. വ്യാഴാഴ്ച രാവിലെ പ്രസിദ്ധീകരിച്ച, ശശാങ്ക് കുമാർ ദ്വിവേദി എഴുതിയ ലേഖനം വിവാദമായതിന് പിന്നാലെ ശനിയാഴ്ചയാണ് വെബ്സൈറ്റിൽനിന്ന് നീക്കം ചെയ്തത്. പിൻവലിച്ചെങ്കിലും ലേഖനത്തിന്റെ സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലേഖനം പുറത്തുവന്നതിനു പിന്നാലെ ‘വഖഫ് ബില്ലിനുശേഷം ആർഎസ്എസ് ക്രിസ്ത്യാനികൾക്കെതിരെ തിരിഞ്ഞിരിക്കുകയാണ്’ എന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചിരുന്നു.
Source link