‘ഹിന്ദി വടി’ കൊടുത്ത് അടി വാങ്ങി ബിജെപി; വീണ്ടും അധികാരത്തിലെത്താൻ സ്റ്റാലിന് ‘കേന്ദ്ര സഹായം’

ഒന്നുകിൽ, അടുത്ത വർഷവും ഒന്നും പ്രതീക്ഷിക്കുന്നില്ല. അല്ലെങ്കിൽ, രണ്ടും കൽപിച്ചുള്ള പുറപ്പാടിന്റെ ഭാഗമായി സംഭവിക്കുന്ന അബദ്ധമാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മുൻപ് തമിഴ്നാട്ടിലെ സർക്കാരുമായുള്ള ഏറ്റുമുട്ടലിന്റെ മൂർച്ച കൂട്ടാൻ ബിജെപി താൽപര്യപ്പെട്ടതിനു മറ്റെന്തെങ്കിലും കാരണം ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. എന്തെങ്കിലും ഇനി വരില്ലെന്നു പറയാനുമാവില്ല. ബിജെപി അത്രമേൽ മോഹിക്കുന്നതാണ് തമിഴ്നാടിനെ. തിരഞ്ഞെടുപ്പിനുള്ള അജൻഡ ഏറെ നേരത്തേ സെറ്റ് ചെയ്യാൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് അവസരമുണ്ടാക്കുകയെന്ന സഹായമാണ് ഇപ്പോൾ ബിജെപി ചെയ്തിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കില്ലെന്നു തമിഴ്നാട് പറഞ്ഞതിന്റെ പേരിൽ കേന്ദ്രത്തിൽനിന്നുള്ള വിദ്യാഭ്യാസ ഫണ്ടുകൾ രണ്ടെണ്ണം തടഞ്ഞു. ത്രിഭാഷാ ഫോർമുല പാലിക്കണമെന്നതാണ് നയത്തോടു തമിഴ്നാടിനുള്ള പ്രധാന എതിർപ്പ്. തമിഴും ഇംഗ്ലിഷും മാത്രം പഠിച്ചതുകൊണ്ട് തമിഴ്മക്കൾക്ക് ഇതുവരെ ഗുണമേ ഉണ്ടായിട്ടുള്ളൂ, ഇനിയും അങ്ങനെ മതിയെന്നാണ് സ്റ്റാലിന്റെ തീർപ്പ്. മൂന്നു ഭാഷകളിലൊന്നായി ഹിന്ദിതന്നെ വേണമെന്നു നയത്തിൽ ഒരിടത്തും പറയുന്നില്ല. എങ്കിലും, ആ മൂന്നാം ഭാഷ ഹിന്ദിയാണെന്നു സ്റ്റാലിൻ തീരുമാനിച്ചു. ഹിന്ദിയെന്നു ഞങ്ങളാരും പറഞ്ഞില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനുൾപ്പെടെ ആണയിട്ടു. എന്തു പ്രയോജനം? ഹിന്ദി സാമ്രാജ്യത്വത്തിനും ഹിന്ദിക്കോളനികൾ ഉണ്ടാക്കാനുമുള്ള ശ്രമമാണ് ഉത്തരേന്ത്യൻ പാർട്ടിയുടേതെന്നു സ്റ്റാലിൻ തീർത്തുപറഞ്ഞു. അടുത്ത വർഷത്തെ തിരഞ്ഞെടുപ്പിനെ തമിഴ്നാട്ടിൽ ഹിന്ദി വേണോ വേണ്ടയോ എന്നതിനുള്ള ജനഹിത പരിശോധനയാക്കാൻ ധൈര്യമുണ്ടോയെന്ന വെല്ലുവിളി ബിജെപിയോടായിരുന്നെങ്കിൽ തുടർന്നു പറഞ്ഞത് കോൺഗ്രസിനെ കൊള്ളിച്ചാണ്
Source link