KERALA

ഹൈഡ്രജന്‍ ട്രെയിന്‍ ട്രാക്കിലേക്ക്; ഒരുങ്ങുന്നത് ലോകത്തിലെ ഏറ്റവും കരുത്തന്‍, നേട്ടങ്ങൾ എന്തൊക്കെ?


1998 ല്‍ ആദ്യ ഹൈഡ്രജന്‍ ഇന്ധന തീവണ്ടിയുടെ മാതൃക ഡെയിമ്‌ലെര്‍-ബെന്‍സ് എന്ന കമ്പനി ജര്‍മനിയില്‍ അവതരിപ്പിച്ചപ്പോള്‍ ലോകമതിനെ നിസ്സാരമായി കണ്ടു. കല്‍ക്കരിയിലും ഡീസലിലും വൈദ്യുതിയിലും കൂകിപ്പാഞ്ഞിരുന്ന ഒരു നെടുനീളന്‍ വണ്ടി ഹൈഡ്രജന്‍ ഇന്ധനത്തില്‍ ഉടന്‍ ട്രാക്കിലിറങ്ങുമെന്ന് പറഞ്ഞപ്പോള്‍ പലരുമതിനെ കളിയാക്കി. പക്ഷേ, മറ്റു ചിലര്‍ അതിന്റെ സാധ്യത തേടുകയായിരുന്നു. രണ്ടായിരമാണ്ടോടെ സീമെന്‍സ്, അല്‍സ്റ്റം, ബൊംബാര്‍ഡിയര്‍ തുടങ്ങിയ കമ്പനികളെല്ലാം പിന്നീട് ഹൈഡ്രജന്‍ ട്രെയിനുകളുടെ പരീക്ഷണം നടത്തി മാതൃകകള്‍ അവതരിപ്പിച്ചു. അങ്ങനെ 2018 ല്‍ ആ സ്വപ്‌നം യാഥാര്‍ഥ്യമായി. അല്‍സ്റ്റമിന്റെ കൊറഡിയ ഐലിന്റ് ട്രെയിന്‍ ജര്‍മനിയില്‍ ട്രാക്കിലേക്ക് കയറി. അധികം വൈകാതെ യാത്രക്കാരുമായി കുതിച്ചുപായാനും തുടങ്ങി.കൊറഡിയ ഐലിന്റ് സര്‍വീസ് തുടങ്ങിയപ്പോള്‍ വിവിധ രാജ്യങ്ങള്‍ക്കൊപ്പം ആ സ്വപ്‌നം ഇന്ത്യയും കാണാന്‍ തുടങ്ങിയിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം 2025 മെയ് മാസത്തോടെ ഇന്ത്യയുടെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് റെയില്‍വേമന്ത്രി അശ്വനി വൈഷ്ണവ്. കഴിഞ്ഞയാഴ്ച ഒരു ദേശീയ ചാനല്‍ നടത്തിയ സമ്മിറ്റിലായിരുന്നു ഇക്കാര്യം റെയില്‍വേമന്ത്രി അറിയിച്ചത്. ഇതോടെ പൊതുഗതാഗത വികസനത്തില്‍ മറ്റൊരു പൊന്‍തൂവല്‍കൂടി അണിയാനൊരുങ്ങുകയാണ് രാജ്യം.


Source link

Related Articles

Back to top button