17 വർഷത്തെ നയതന്ത്രനീക്കം, ഒടുവിൽ റാണയെ ഇന്ത്യയിലെത്തിച്ചു; ആരോപണ പ്രത്യാരോപണവുമായി കോൺഗ്രസും BJPയും

ന്യൂഡൽഹി : തഹാവൂർ റാണയെ രാജ്യത്തെത്തിച്ചതിനെച്ചൊല്ലി അവകാശവാദങ്ങളും ആരോപണ-പ്രത്യാരോപണങ്ങളുമായി രാഷ്ട്രീയപ്പാർട്ടികൾ. തഹാവൂർ റാണയെ വിട്ടുകിട്ടാൻ മോദി സർക്കാർ ഒന്നും ചെയ്തില്ലെന്നും യുപിഎ ഭരണകാലത്ത് ആരംഭിച്ച നയതന്ത്ര നടപടികളുടെ ആനുകൂല്യംപറ്റുകയാണ് ചെയ്തിരിക്കുന്നതെന്നും കോൺഗ്രസ് നേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ പി. ചിദംബരം. എന്നാൽ, കോൺഗ്രസ് ഭരണകാലത്ത് മുംബൈ ആക്രമണക്കേസിലെ പ്രതികളെ ശിക്ഷിക്കാൻ ഒന്നും ചെയ്തിട്ടില്ലെന്നും പ്രതികളിലൊരാൾക്ക് ബിരിയാണി നൽകുകയാണ് ചെയ്തതെന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ തിരിച്ചടിച്ചു.യുപിഎ സർക്കാർ നടത്തിയ ദശകങ്ങൾനീണ്ട കഠിനമായ നയതന്ത്ര പ്രവർത്തനങ്ങളുെടയും നിയമനടപടികളുടെയും ഇന്റലിജൻസ് ശ്രമങ്ങളുടെയും അമേരിക്കയുമായി ചേർന്ന് നടത്തിയ ഏകോപനത്തിന്റെയും ഫലമായാണ് തഹാവൂർ റാണയെ ഇന്ത്യക്ക് വിട്ടുകിട്ടിയതെന്ന് ചിദംബരം പറഞ്ഞു. തഹാവൂർ റാണയെ തിരിച്ചെത്തിച്ചതിനെ കോൺഗ്രസ് നേതാവ് ശശി തരൂർ സ്വാഗതംചെയ്തു. നീതിക്കുവേണ്ടി മുന്നോട്ടുള്ള കാൽവെപ്പാണിതെന്ന് തരൂർ പറഞ്ഞു. മുംബൈ ആക്രമണസംഭവത്തിൽ കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കാൻ കോൺഗ്രസ് താത്പര്യപ്പെട്ടില്ലെന്നും മോദി സർക്കാരിന്റെ ദൃഢനിശ്ചയമാണ് ഫലംകണ്ടതെന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ അഭിപ്രായപ്പെട്ടു.
Source link